പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിലൊന്നാണ് സാന്ത്വനം. തമിഴ് സീരിയലായ പാണ്ഡിയൻ സ്റ്റോറിന്റെ മലയാളം റീമേക്ക് ആയിരുന്നു സാന്ത്വനം. മറ്റു സീരിയലുകളിൽ നിന്നും സാന്ത്വനത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ മേക്കിങ് തന്നെയായിരുന്നു.
സാധാരണ മലയാള ജീവിതം അവതരിപ്പിച്ചുവെന്നതായിരുന്നു സാന്ത്വനത്തെ ജനപ്രീയമാക്കിയത്. അതുകൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും ഈ പരമ്പരയ്ക്ക് സാധിച്ചിരുന്നു. കണ്ണീർ പരമ്പരയായി മാറാതെ ആക്ഷനും റൊമാൻസും കോമഡിയുമൊക്കെയായി ഫീൽഗുഡ് പരമ്പരയായിട്ടാണ് സാന്ത്വനം ഒരുക്കിയിരുന്നത്.
ബാലന്റെയും ദേവിയുടെയും ഹരിയുടെയും ശിവന്റെയും കണ്ണന്റെയും അഞ്ജലിയുടെയുമൊക്കെ കഥ പറഞ്ഞ സാന്ത്വനം പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അവസാനിച്ചത്. ബാലൻ എന്ന കഥാപാത്രത്തെ രാജീവ് പരമേശ്വർ ആണ് അവതരിപ്പിച്ചത്, ചിപ്പിയാണ് ദേവിയായി എത്തിയത്, ഗോപിക അഞ്ജലി എന്ന കഥാപാത്രത്തേയും സജിൻ ശിവനായുമെത്തി.
ധാരളം ഫാൻസ് ഈ സീരിയലിനും കഥാപാത്രങ്ങൾക്കും ഉണ്ടായിരുന്നു. ശിവാഞ്ജലി കോമ്പോയ്ക്കാണ് ഏറ്റവും അധികം ഫാൻസ് ഉണ്ടായിരുന്നത്. അതുപോലെ അപർണ എന്ന അപ്പുവിനും ഫാൻസ് ഉണ്ടായിരുന്നു. രക്ഷയാണ് ഈ കഥാപാത്രം ചെയ്തത്. അപ്പു വളരെ രസകരമായ കഥാപാത്രമായിരുന്നു. ഇത്തിരി വാശിയും എടുത്തുചാട്ടവുമൊക്കെ ഉള്ള കഥാപാത്രം.
എന്തുകൊണ്ടാണ് സീരിയൽ പെട്ടെന്ന് നിർത്തിയത് എന്ന ചോദ്യം സീരിയൽ നിർത്തിയ അന്നുമുതൽ ഉയരുന്നുണ്ട്. ഡയറക്ടർ ആദിത്യൻ മരണപ്പെട്ടതിന് പിന്നാലെയാണ് സീരിയിൽ നിർത്തിയത്. ഇത് മാത്രമാണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോഴിതാ ഇതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രക്ഷ. സൈന സൗത്ത് പ്ലസിനോടാണ് താരത്തിന്റെ പ്രതികരണം.
ഒന്നാമത്തെ കാരണം സാറിന്റെ വിചാരിക്കാതെയുള്ള മരണമാണെന്നാണ് രക്ഷ പറഞ്ഞത്. അദ്ദേഹം നല്ല രീതിയിൽ കൊണ്ടുപോയ പ്രൊജക്റ്റാണ്. ഈ പ്രൊജക്റ്റിന്റെ വിജയത്തിന് അദ്ദേഹത്തന്റെ പ്രാധാന്യമുണ്ട്. ആദിത്യൻ സാറിന്റെ വിയോഗം തന്നെയാണ് ഒരുകാരണം. ആയിരം എപ്പിസോഡ് എന്നായിരുന്നു എഗ്രിമെന്റിൽ ഉണ്ടായിരുന്നത്.
പിന്നെ മുന്നോട്ടുപോകുകയായിരുന്നു. പിന്നെ കുറച്ചുകൂടി മുന്നോട്ട് പോകാമായിരുന്നു എന്ന രീതിയിൽ വന്നിട്ടുണ്ടായിരുന്നു, പിന്നെ സാറിന്റെ വിയോഗം. സാന്ത്വനം തീരുമ്പോൾ വലിയ സങ്കടമായിരുന്നു. പക്ഷേ ഒരാൾ ഇല്ലാത്ത കുറവ് ഭയങ്കരമായിരുന്നു. അത് തന്നെയായിരുന്നു ഒരു കാരണം എന്നും രക്ഷ വ്യക്തമാക്കി.
കൂടാതെ ആദിത്യനെക്കുറിച്ചുള്ള ഓർമകളും രക്ഷ പങ്കുവെച്ചിരുന്നു. 2020 മുതൽ സംപ്രേഷണം തുടങ്ങിയ സീരിയൽ 2024 ജനുവരിയിലാണ് അവസാനിച്ചത്. 2023 ഒക്ടോബറിലാണ് സംവിധായകൻ ആദിത്യൻ മരിക്കുന്നത്. ഹൃദയാഘതത്തെ തുടർന്നായിരുന്നു മരണം. ആദിത്യന്റെ മരണം സഹപ്രവർത്തകർക്കൊന്നും ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല.
തന്റെ നല്ലൊരു ഗുരുവാണ് ആദിത്യൻ സാറെന്നാണ് രക്ഷ പറഞ്ഞത്. ഷൂട്ട് തുടങ്ങുമ്പോൾ കാര്യങ്ങൾ പറഞ്ഞുകൊടുക്കും, അതിന്ശേഷം ഇടയ്ക്ക് കേറി ഇടപെടാറില്ലെന്നും ആർട്ടിസ്റ്റുകളെ ഇറിറ്റേറ്റ് ചെയ്യിക്കാതെ ഫ്രീഡം നൽകുന്ന സംവിധായകനാണ് ആദിത്യൻ സാറെന്നും രക്ഷ പറഞ്ഞു.
തനിക്കായിരുന്നു സാറിനൊപ്പം ഉള്ള ലാസ്റ്റ് ഷൂട്ടെന്നും രക്ഷ പറഞ്ഞിരുന്നു. നാളെ കാണാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്, അത് കഴിഞ്ഞ് നാലഞ്ച് മണിക്കൂർ കഴിഞ്ഞപ്പോൾ മരണം വിവരം അറിയിച്ചുള്ള കോളാണ് വന്നതെന്നും നടി വ്യക്തമാക്കി.
ഒരു തലവേദന പോലും പുറത്തുകാണിക്കാത്ത മനുഷ്യൻ ഒരുനിമിഷം കൊണ്ട് പോയെന്ന് പറഞ്ഞപ്പോൾ തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും രക്ഷ പറഞ്ഞു. ഇപ്പോൾ ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്യുന്ന ജാനകിയുടെയും അഭിയുടെയും വീട് എന്ന പരമ്പരയിൽ ജാനകി എന്ന കഥാപാത്രത്തെയാണ് രക്ഷ അവതരിപ്പിച്ചത്.