ബോളിവുഡ് നടി രാഖി സാവന്തിന്റെ അമ്മ ജയ സാവന്ത് അന്തരിച്ചു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാഖിയുടെ സുഹൃത്തുക്കളാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.
ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതോടെ സ്ഥിതി അതീവ ഗുരുതരമാകുകയായിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനു ശേഷമായിരുന്നു അമ്മയുടെ രോഗാവസ്ഥയെ കുറിച്ച് രാഖി വെളിപ്പെടുത്തിയത്.
ബിഗ് ബോസില്‍ രാഖി മത്സരിക്കുന്ന സമയത്താണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നടന്‍ സല്‍മാന്‍ ഖാനാണ് ജയയുടെ അടിയന്തര ശസ്ത്രക്രിയക്ക് വേണ്ട പണം നല്‍കിയത്. തുടര്‍ന്ന് രാഖി സല്‍മാനോട് പരസ്യമായി നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു.
അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആക്ഷേപകരമായ വീഡിയോകളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന മോഡലിന്റെ പരാതിയില്‍ അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യം തേടി രാഖി സാവന്ത് ഹൈക്കോടതിയില്‍ എത്തിയതും ഏറെ വാര്‍ത്തയായിരുന്നു. വനിതാ മോഡലിന്റെ ആക്ഷേപകരമായ വീഡിയോകളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്നതാണ് രാഖി സാവന്തിനെതിരായ ആരോപണം.
മോഡലിന്റെ പരാതിയെ തുടര്‍ന്നാണ് താരത്തിനെതിരെ കേസെടുത്തിരുന്നു. നേരത്തെ രാഖിയെ മുംബൈ പൊലീസ് കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. അന്ന് മണിക്കൂറുകളോളം ഇവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. രാഖി അറസ്റ്റിലായി എന്ന വിവരങ്ങള്‍ തുടര്‍ന്ന് പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് ഇവരെ പൊലീസ് വിട്ടയക്കുകയായിരുന്നു.
വീണ്ടും ഇവരെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചതോടെയാണ് രാഖി സാവന്ത് ബോംബെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ നടിയുടെ അറസ്റ്റുണ്ടാകും എന്നാണ് വിവരം. സിനിമ നടി കൂടിയായ പ്രശസ്ത മോഡലാണ് രഖിക്കെതിരെ രംഗത്ത് എത്തിയത്. മുംബൈ അംബോലി പൊലീസ് സ്‌റ്റേഷനിലാണ് ഇവര്‍ പരാതി നല്‍കിയത്.
ഈ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് ജനുവരി 19ന് രാഖിയെ ചോദ്യം ചെയ്തത്. നേരത്തെ പരാതിക്കാരിയായ മോഡല്‍ രാഖിക്കെതിരെ പൊലീസ് ഫയര്‍ ചെയ്ത എഫ്‌ഐആറിന്റെ കോപ്പി സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരുന്നു. ഭര്‍ത്താവ് ആദില്‍ ഖാനുമായി ചേര്‍ന്ന് ആരംഭിക്കുന്ന ഡാന്‍സ് അക്കാദമി തുടങ്ങാനിരിക്കേയാണ് രാഖി കേസില്‍ കുടുങ്ങിയത്.