ചെക്ക് കേസ്; സംവിധായകന്‍ രാജ്കുമാര്‍ സന്തോഷിയ്ക്ക് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ

ചെക്ക് കേസില്‍ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ സന്തോഷിയ്ക്ക് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി. ജാംനഗറിലെ കോടതിയാണ് സംവിധായകന് ശിക്ഷ വിധിച്ചത്. വ്യവസായി അശോക് ലാല്‍ കൊടുത്ത കേസിലാണ് വിധി.

രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്ത ഒരു ചിത്രത്തിനുവേണ്ടി അശോക് ലാല്‍ ഒരു കോടി നല്‍കിയിരുന്നുവെന്നും ഇത് മടക്കി നല്‍കുന്നതിലേക്കായി 10 ലക്ഷത്തിന്റെ 10 ചെക്കുകള്‍ സംവിധായകന്‍ നല്‍കിയെന്നും അശോക് ലാലിന്റെ അഭിഭാഷകനായ പിയൂഷ് ഭോജനി പറയുന്നു. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ ബാങ്കില്‍ പണമാക്കാന്‍ ശ്രമിച്ച ചെക്കുകള്‍ മടങ്ങിയെന്നാണ് പരാതി.

ഇക്കാര്യം അറിയിക്കാനായി സംവിധായകനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും അഭിഭാഷകന്‍ പറയുന്നു. തുടര്‍ന്നാണ് അശോക് ലാല്‍ കോടതിയെ സമീപിച്ചത്. രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷയോടൊപ്പം അശോക് ലാലിന് നല്‍കേണ്ട തുകയുടെ ഇരട്ടി, അതായത് രണ്ട് കോടി മടക്കി നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമാ രംഗത്ത് സജീവമായി നില്‍ക്കുന്നയാളാണ് രാജ്കുമാര്‍ സന്തോഷി. സണ്ണി ഡിയോള്‍ നായകനാവുന്ന ലാഹോര്‍ 1947 ആണ് അദ്ദേഹം അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രം. ആമിര്‍ ഖാന്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി ഡിയോള്‍ നായകനായ ഖയാല്‍ എന്ന ചിത്രത്തിലൂടെ 1990 ല്‍ ആയിരുന്നു സംവിധായകനായി രാജ്കുമാര്‍ സന്തോഷിയുടെ അരങ്ങേറ്റം.

Vijayasree Vijayasree :