വിജയ്ക്ക് പിന്നാലെ രജനിരാന്തും തിരുവനന്തപുരത്തേയ്ക്ക്!; ആവേശത്തില്‍ ആരാധകര്‍

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു താന്‍ നായകനാവുന്ന പുതിയ ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായി തമിഴ് സൂപ്പര്‍താരം വിജയ് തിരുവനന്തപുരത്ത് എത്തിയത്. വലിയ ആരാധക കൂട്ടമാണ് താരത്തെ കാത്ത് നിന്നിരുന്നത്. അദ്ദേഹം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ആരാധകരുമൊത്ത് സെല്‍ഫിയും എടുത്തിരുന്നു.

ഇപ്പോഴിതാ സിനിമാപ്രേമികളെ ഇനിയും ആവേശപ്പെടുത്തുന്ന മറ്റൊരു റിപ്പോര്‍ട്ട് എത്തിയിരിക്കുകയാണ്. വിജയ്ക്ക് പിന്നാലെ രജനികാന്തും തിരുവനന്തപുരത്ത് സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തുന്നു എന്നതാണ് അത്. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടൈയ്യനാണ് രജനി നായകനായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ.

രജനിക്കൊപ്പം മഞ്ജു വാര്യരും ഫഹദ് ഫാസിലുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചതുതന്നെ തിരുവനന്തപുരത്തായിരുന്നു. ഒക്ടോബര്‍ ആദ്യമായിരുന്നു ഇത്. ചിത്രത്തിന്റെ തിരുവനന്തപുരത്തെ അടുത്ത ഷെഡ്യൂളില്‍ പങ്കെടുക്കാന്‍ രജനികാന്ത് നാളെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴകത്തെ ഏറ്റവും താരമൂല്യമുള്ള രണ്ട് നടന്മാര്‍ ഒരേ സമയം തിരുവനന്തപുരത്ത് ഷൂട്ടിംഗില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത തമിഴ്‌നാട്ടിലെ സിനിമാപ്രേമികളിലും വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ട്.

വിജയ് ഇപ്പോള്‍ താമസിക്കുന്ന ഹോട്ടലിലാവും രജനിയും താമസിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ സംഭവിക്കാനിടയുള്ള ഒരുമിച്ചുള്ള ഒരു ചിത്രത്തിനായുള്ള പ്രതീക്ഷയും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. രജനി പങ്കെടുക്കുന്ന വേട്ടൈയന്റെ തിരുവനന്തപുരം ഷെഡ!്യൂള്‍ രണ്ടാഴ്ച നീളുമെന്നാണ് അറിയുന്നത്. എന്നാല്‍ വിജയ്!യുടെ ഗോട്ടിന്റെ തിരുവനന്തപുരം ഷെഡ്യൂള്‍ 23 ന് അവസാനിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയവും രാജ്യാന്തര വിമാനത്താവളവുമാണ് തിരുവനന്തപുരം ഷെഡ്യൂളിനെ ഗോട്ടിന്റെ ലൊക്കേഷനുകള്‍. എന്നാല്‍ വേളി, ശംഖുമുഖം എന്നിവിടങ്ങളിലാവും വേട്ടൈയന്‍ ചിത്രീകരിക്കുക. ഒക്ടോബറില്‍ വെള്ളായണി കാര്‍ഷിക കോളെജിലും ശംഖുമുഖത്തുമായിരുന്നു വേട്ടൈയന്‍ ചിത്രീകരിക്കപ്പെട്ടത്. അതില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ രജനികാന്തിന് വലിയ ആരാധക സ്വീകരണമാണ് ലഭിച്ചത്.

Vijayasree Vijayasree :