പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കമൽ ഹാസൻ ശങ്കർ ചിത്രമായിരുന്നു ഇന്ത്യൻ2. എന്നാൽ ആദ്യ ദിവസം മുതൽ തന്നെ മികച്ച പ്രതികരണങ്ങളായിരുന്നില്ല ചിത്രത്തിന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനെടെ ഇന്ത്യൻ 2 കണ്ടതിനെ കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
ഇന്ത്യൻ 2 എങ്ങനെയുണ്ട് എന്ന ചോദ്യത്തിന്, നന്നായിട്ടുണ്ട്, നന്നായിട്ടുണ്ട് എന്നായിരുന്നു താരം ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്. വേട്ടയ്യൻ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന കൂലിയുടെ ഷൂട്ടിംഗ് മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും താരം പറഞ്ഞു.
നിലവിൽ കളക്ഷനിൽ 150 കോടി പിന്നിട്ടിരിക്കുകയാണ് ഇന്ത്യൻ 2. ചിത്രം ഒടിടിയിലേയ്ക്ക് എത്തുന്നതായുള്ള വാർത്തകളും പുറത്തെത്തിയിരുന്നു. നെറ്റ്ഫ്ലിക്സ് ആണ് ഇന്ത്യൻ 2 ന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആഗസ്റ്റ് 15 നാണ് ചിത്രം ഒടിടിയിൽ എത്തുകയെന്നാണ് സൂചന.
ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ മോശമായതു കൊണ്ട് തന്നെ, ഉടൻ ഡിജിറ്റൽ റിലീസ് നൽകുന്നതിൽ നിർമ്മാതാക്കൾക്കും ആശങ്കയില്ലെന്നാണ് തമിഴ് സിനിമാ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദൈർഘ്യം കൂടുതലാണെന്ന കാരണത്താൽ ചിത്രത്തിന്റെ 20 മിനുറ്റ് ദൈർഘ്യം വെട്ടിക്കുറച്ചിരുന്നു.
ആദ്യ ദിനം തന്നെ വിമർശനങ്ങൾ വന്നുവെങ്കിലും 26 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു. ലൈക പ്രൊഡക്ഷൻസ്, റെഡ് ജയിന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദാണ്.
1996ൽ ആണ് ഇന്ത്യൻ പ്രദർശനത്തിനെത്തിയത്. ചിത്രത്തിൽ ഇരട്ടവേഷത്തിൽ അഭിനയിച്ച കമൽഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.
ഇന്ത്യൻ സിനിയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടർച്ചയുണ്ടാകുമെന്ന സൂചന നൽകിയിരുന്നു. 250 കോടി ബജറ്റിൽ ആണ് ഇന്ത്യൻ 2 ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗം ഈ വർഷം അവസാനം തന്നെയെത്തുമെന്നാണ് ശങ്കറും കമൽസാനും പറഞ്ഞിരുന്നു. ഇന്ത്യൻ 2 ചെയ്യാനുള്ള പ്രധാന കാരണം ഇന്ത്യൻ 3 ആണെന്നാണ് കമൽ ഹാസൻ പ്രതികരിച്ചിരുന്നത്.