തന്റെ വിശ്വാസങ്ങളെപ്പറ്റി തുറന്നു പറയാന്‍ ഒരുതരത്തിലുള്ള മടിയും കാണിക്കാത്ത താരമാണ് രജനികാന്ത്. ആത്മീയതയോടുള്ള താത്പര്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സനാതന ധര്‍മ്മത്തെ ഹൃദയത്തില്‍ കൊണ്ടു നടക്കുന്നതിനാല്‍ തന്നെ ചില വിഭാഗങ്ങള്‍ അദ്ദേഹത്തെ നിരന്തരം അധിക്ഷേപിക്കുന്നു.

എന്നാല്‍ അതിനെയെല്ലാം മറികടന്നുകൊണ്ട് അയോദ്ധ്യാ രാമക്ഷേത്രത്തില്‍ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകളിലും താരം പങ്കെടുത്തിരുന്നു. ഇപ്പോള്‍ സനാതന ധര്‍മ്മത്തെപ്പറ്റി വിശദീകരിക്കുന്ന രജനീകാന്തിന്റെ ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നത്. ലാല്‍സലാം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വച്ചാണ് ഹിന്ദുമതത്തെപ്പറ്റി അദ്ദേഹം വാചാലനായത്.
‘ക്രിസ്തുമതം, ഇസ്ലാം മതം, ജൈന മതം, ബുദ്ധ മതം എന്നിങ്ങനെ എല്ലാ മതത്തിനും ഒരു സ്ഥാപകനുണ്ട്. ഒരു സ്ഥാപകന്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ അവരാണ് ഈ മതങ്ങളെല്ലാം ഉണ്ടാക്കിയത്. എന്നാല്‍ ഹിന്ദുമതത്തിന് മാത്രം ഒരു സ്ഥാപകനില്ല.
ഇത് സനാതനമാണ്, അതായത് പുരാതനം. ഋഷികള്‍ ധ്യാനത്തിലിരിക്കുമ്പോള്‍ അവര്‍ പോലും അറിയാതെ വന്നിരുന്ന ശബ്ദം. അതാണ് വേദം. ബ്രഹ്മത്തിനായി പ്രകൃതിയെ നിര്‍മ്മിച്ചു. പ്രകൃതിക്കായി മനുഷ്യനെ സൃഷ്ടിച്ചു. എല്ലാം തിരിച്ചറിയാന്‍ മനുഷ്യന് പഞ്ചേന്ദ്രിയങ്ങളും നല്കി. അവന് ബുദ്ധിയും കൊടുത്തു’.
‘വേദങ്ങള്‍ പടിച്ചെടുക്കുക നിസാരമല്ല. വേദങ്ങള്‍ പഠിച്ചവര്‍ക്കാകട്ടെ അത് അതേപോലെ പറഞ്ഞു മനസിലാക്കി നല്കാന് ബുദ്ധിമുട്ടാണ്. അതിനാല്‍ വേദങ്ങളെ ലളിതമാക്കി അതിന്റെ സത്തയെ പ്രദാനം ചെയ്യുന്നതിന് ഉപനിഷത്തുകള്‍ തയ്യാറാക്കി. അതില്‍ എല്ലാം പറയുന്നത് ഒന്ന് തന്നെ. തത്വമസി. അത് നീയാകുന്നു, ഈ ലോകം നീയാകുന്നു, ദൈവം നീയാകുന്നു, എല്ലാം നീയാകുന്നു.
ഉപനിഷത്തുക്കളും നിസാരമായി മനസിലാക്കാന്‍ സാധിക്കില്ല. അതിനാല്‍ അതിനെയും ലളിതമാക്കി. അതാണ് ഭഗവത്ഗീത. പരമാത്മാവ് ജീവാത്മാവിനോട് സംസാരിക്കുന്നതാണ് ഭഗവത്ഗീത. മതങ്ങളെല്ലാം തന്നെ മനുഷ്യന്റെ നന്മയ്ക്കാണ്. പല മതങ്ങള്‍ വന്നു, പോയി. എന്നാല്‍ നീതിയും സത്യവും സത്യസന്ധതയുമുള്ള മതങ്ങള്‍ നൂറ്റാണ്ടുകളായി നിലനില്ക്കും’ രജനീകാന്ത് പറഞ്ഞു.
