മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങളുടെ വാർത്തകളാണ് സോഷ്യൽ മീഡിയ നിറയെ. ഇന്ത്യ കണ്ടിട്ടില്ലാത്ത വിധമാണ് ഫംങ്ഷനുകൾ ഏർപ്പാടാക്കിയിരിക്കുന്നത്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലെക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ. മാസങ്ങളായി നടന്നുവന്നിരുന്ന പ്രീവെഡ്ഡിംഗ് ചടങ്ങുകളും സംഗീതുമെല്ലാം നിരന്തരം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.
ഇപ്പോഴിതാ വിവാഹത്തിന് പങ്കെടുക്കാനെത്തിയവരാണ് സോഷ്യൽ മീഡിയയുടെ കണ്ണിലുടക്കിയിരിക്കുന്നത്. ദേശീയ, അന്തർദ്ദേശീയ തലത്തിൽ പ്രശസ്തരായ നിരവധി താരങ്ങളും സ്‌പോർട്‌സ് താരങ്ങളും നിരവധി പ്രമുഖരും ആണ് ചടങ്ങിനെത്തിയിരുന്നത്. തനി തമിഴ് നാട് സ്റ്റൈലിലാണ് രജനികാന്ത് ചടങ്ങിനെത്തിയത്.
കുടുംബസമേതമായിരുന്നു സ്റ്റൈൽ മന്നന്റെ വരവ്. ഭാര്യ ലത, മകൾ സൗന്ദര്യ, മരുമകൻ വിശാഖൻ വനങ്കമുടി, ചെറുമകൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. പരമ്പരാഗത ഓഫ് വൈറ്റ് ഷർട്ടും ധോത്തിയും ആയിരുന്നു അദ്ദേഹത്തിന്റെ വേഷം. ഭാര്യ ലത സാരിയാണ് ധരിച്ചത്. മകളും സംവിധായികയുമായ സൗന്ദര്യ ലെഹങ്കയിൽ തിളങ്ങിയപ്പോൾ മരുമകൻ മുണ്ടും ഷർട്ടും ഷാളും അണിഞ്ഞിരുന്നു.
ഹോളിവുഡ് താരം ജോൺ സീന, സഹോദരിമാരായ കിം കർദാഷിയാൻ, ക്ലോ കർദാഷിയാൻ, അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, ജാൻവി കപൂർ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി താരങ്ങളാണ് വിവാഹത്തിൽ പങ്കെടുക്കുന്നത്. കിം കർദാഷിയാന്റെയും ക്ലോയിയുടെയും ഇന്ത്യയിലേക്കുള്ള ആദ്യവരവാണിത്. സൗത് മുംബൈയിലെ ഹോട്ടലിൽ വന്നയുടൻ ഇരുവരെയും പരമ്പരാഗത രീതിയിൽ സ്വാഗതം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വിവിധ ലോക നേതാക്കളെയും അംബാനി കുടുംബം ക്ഷണിച്ചിട്ടുണ്ട്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കുടുംബസമേതമാണ് വിവാഹത്തിനെത്തിയത്. 14നാണ് ‘മംഗൾ ഉത്സവ്’ മഹാവിരുന്ന്. അംബാനിമാരുടെ സ്വന്തം നാടായ ജാംനഗറിൽ നാലു മാസം മുമ്പാണ് പ്രീവെഡിങ് ആഘോഷം നടന്നത്.
മാർക്ക് സുക്കർബർഗ് അടക്കം വി.വി.ഐ.പികൾ പങ്കെടുത്തിരുന്നു. ജൂണിൽ അതിഥികളെയെല്ലാം ക്രൂസ് ഷിപ്പിൽ കൊണ്ടുപോയി കടലിലായിരുന്നു അടുത്ത ഘട്ടത്തിലെ വിവാഹാഘോഷം.
റോം, കാൻ തുടങ്ങിയ തീരങ്ങളിലൂടെ സഞ്ചരിച്ച ആഡംബരക്കപ്പൽ താരസമ്പന്നമായിരുന്നു. നാലായിരം മുതൽ അയ്യായിരം കോടിയാണ് ആനന്ദ്-രാധിക വിവാഹച്ചെലവെന്ന് ഔട്ട്ലുക്കിലെ റിപ്പോർട്ടിൽ പറയുന്നു. അംബാനി കുടുംബത്തിന്റെ ആസ്തിയുടെ 0.05 ശതമാനം മാത്രമേ ഇത് വരൂവെന്നുമാണ് കണക്കുകൾ.