രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു!, ഇന്ത്യന്‍ സിനിമ കാണാത്ത വന്‍ തുകയ്ക്ക് അവകാശം സ്വന്തമാക്കി ഈ നിര്‍മ്മാതാവ്

ബസ് കണ്ടക്ടറില്‍ നിന്നും ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി വാണിരുന്ന തമിഴ് സിനിമാ മേഖലയില്‍ ഇങ്ങനെ ഒരു സ്ഥാനം നേടി എടുക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല.

എന്നാല്‍ തന്നെയും തന്റെ നിശ്ചയദാര്‍ണ്ഡ്യവും കഴിവും കൊണ്ട് രജനികാന്ത് എന്ന നടന്‍ പടുത്തുയര്‍ത്തത് തമിഴ് സിനിമയില്‍ സ്വന്തമായൊരു സാമ്രാജ്യം ആയിരുന്നു. ഒപ്പം വന്നവരും പിന്നാലെ വന്നവരും ന്യുജനറേഷനും വന്നെങ്കിലും തമിഴകത്തിന് സൂപ്പര്‍സ്റ്റാര്‍ എന്നാല്‍ രജികാന്ത് തന്നെ.

ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ ഒരു ബയോപിക് തരംഗം തന്നെ നിലനില്‍ക്കുന്നുണ്ട്. തമിഴില്‍ തന്നെ ഏറ്റവും അടുത്തതായി ഒരുങ്ങുന്നത് സംഗീത സംവിധായകന്‍ ഇളയരാജയുടെ ബയോപികാണ്. ധനുഷാണ് ഇതില്‍ ഇളയരാജയെ അവതരിപ്പിക്കുന്നത്. അതേ സമയം രജനികാന്തിന്റെ ജീവിതവും സിനിമയായി എത്തുന്നു എന്നാണ് പുതിയ വാര്‍ത്ത.

ഹംഗാമ.കോം കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്ത പ്രകാരം പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് സാജിത് നഡ്വാല രജനികാന്തിന്റെ ജീവിത കഥ സിനിമയാക്കാനുള്ള അവകാശം കരസ്ഥമാക്കിയെന്നാണ് വിവരം. ഇപ്പോള്‍ സല്‍മാന്‍ നായകനായി എത്തുന്ന എആര്‍ മുരുകദോസ് ചിത്രം സിക്കന്തറിന്റെ നിര്‍മ്മാണഘട്ടത്തിലാണ് സാജിത് നഡ്വാല. അതിന് ശേഷം രജനി ചിത്രത്തിലേക്ക് കടക്കും എന്നാണ് വിവരം.

ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു ബയോപികിന്റെ അവകാശം വാങ്ങാന്‍ ചിലവാക്കിയ ഏറ്റവും കൂടിയ തുകയാണ് രജനികാന്തിന് വാഗ്ദാനം ചെയ്യപ്പെട്ടത് എന്നാണ് വിവരം.

എന്തായാലും സംവിധായകന്‍ ആരെന്നോ, ആരൊക്കെയാണ് താര നിര എന്നോ ഇതുവരെ വ്യക്തമല്ലെങ്കിലും. ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 2025 ഓടെ ആരംഭിക്കും എന്നാണ് വിവരം.

അതേ സമയം ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്റെ അവസാനഘട്ടത്തിലാണ് ഇപ്പോള്‍ രജനി അഭിനയിക്കുന്നത്. അതിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സണ്‍ പിക്‌ചേര്‍സ് നിര്‍മ്മിക്കുന്ന കൂലിയില്‍ രജനികാന്ത് അഭിനയിക്കും. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

Vijayasree Vijayasree :