വിശ്വാസത്തിന്റെ ഭാഗമായാണ് അയോധ്യയിലെത്തിയത്, അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല; ഇനി മുതല്‍ എല്ലാവര്‍ഷവും അയോധ്യ സന്ദര്‍ശിക്കുമെന്ന് രജനികാന്ത്

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രജനികാന്ത്. പലപ്പോഴും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം അയോധ്യലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പങ്കെടുത്ത താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. പിന്നാലെ നടനെതിരെ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു.

ഇപ്പോഴിതാ ഇതേ കുറിച്ച് പറയുകയാണ് നടന്‍. വിശ്വാസത്തിന്റെ ഭാഗമായാണ് അയോധ്യയിലെത്തിയതെന്നാണ് രജനീകാന്ത് പറയുന്നത്. അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച ആദ്യ 150 പേരില്‍ ഒരാളാണ് താനെന്നതില്‍ സന്തോഷമുണ്ടെന്നും രജനികാന്ത് പറഞ്ഞു.

അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം ചെന്നൈയിലെത്തിയ രജനീകാന്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. എല്ലാവര്‍ഷവും അയോധ്യ സന്ദര്‍ശിക്കുന്നത് താന്‍ പതിവാക്കുമെന്നും താരം പറഞ്ഞു. ഭാര്യ ലത, രജനീകാന്തിന്റെ സഹോദരന്‍ സത്യനാരായണ റാവു, ചെറുമകന്‍ ലിംഗ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ദര്‍ശനത്തിന് ശേഷം ഇന്നലെയാണ് രജനീകാന്ത് കുടുംബത്തോടൊപ്പം ചെന്നൈയിലെത്തിയത്. തനിക്ക് നല്ലരീതിയില്‍ തന്നെ ദര്‍ശനം ലഭിച്ചതായും രാമദര്‍ശനം ലഭിച്ച ആദ്യ 150 പേരില്‍ താനും ഉള്‍പ്പെടുന്നു. അത് തനിക്ക് വളരെയേറെ സന്തോഷം നല്‍കിയെന്നും രജനികാന്ത് പറഞ്ഞു.

Vijayasree Vijayasree :