അതിയായ ദുഃഖവും വേദനയും അനുഭവപ്പെടുന്നു; ദ്വാരകിഷിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് രജനികാന്ത്

കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത കന്നഡ നടനും സംവിധായകനുമായ ദ്വാരകിഷ് അന്തരിച്ചത്. 81 വയസായിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ വിയോഗത്തില്‍ രജനിനകാന്തുള്‍പ്പെടയുള്ള പ്രമുഖ താരങ്ങള്‍ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.

‘സുഹൃത്തിന്റെ വിയോഗത്തില്‍ അതിയായ ദുഃഖവും വേദനയും അനുഭവപ്പെടുന്നു. ഹാസ്യ വേഷങ്ങള്‍ ചെയ്ത് പിന്നീട് വലിയ നിര്‍മ്മാതാവും സംവിധായകനുമായി വളര്‍ന്ന ദ്വാരകിഷിന്റെ ഓര്‍മ്മകള്‍ ഈ അവസരത്തില്‍ മനസിലേക്ക് വരുന്നു’ എന്ന് രജനികാന്ത് കുറിച്ചു.

രജനികാന്തിനെയും ശ്രീദേവിയെയും പ്രധാന കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ‘നാന്‍ അടിമൈ അല്ലൈ’ എന്ന തമിഴ് ചിത്രമാണ് ദ്വാരകിഷ് സംവിധാനം ചെയ്തത്. അക്കാലത്ത് മികച്ച വിജയം സിനിമ നേടിയിരുന്നു.

1966ല്‍ പുറത്തിറങ്ങിയ മമതേയ ബന്ധനയുടെ സഹനിര്‍മ്മാതാവായാണ് അദ്ദേഹം സിനിമാ ലോകത്തെത്തിയത്. പിന്നീട് മേയര്‍ മുത്തണ്ണ എന്ന സിനിമ സൂപ്പര്‍ഹിറ്റായതോടെ സ്വന്തമായി സിനിമകള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം തുടങ്ങി.

ഹാസ്യവേഷങ്ങള്‍ കൈകാര്യം ചെയ്ത് താനൊരു അഭിനേതാവാണെന്ന് കൂടി തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 100ലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും അമ്പതോളം ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. 2019ല്‍ പുറത്തിറങ്ങിയ ആയുഷ്മാന്‍ ഭവയാണ് ദ്വാരകിഷ് അവസാനമായി നിര്‍മ്മിച്ച സിനിമ.

Vijayasree Vijayasree :