രജനീകാന്തിന് ഇന്ന് 73ാം പിറന്നാള്‍; ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഇത്തവണത്തെ ആഘോഷം

നടന്‍ രജനീകാന്തിന്റെ 73ാം പിറന്നാള്‍ ആഘോഷമാക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ആരാധകര്‍. ഇന്നാണ് സ്റ്റൈല്‍ മന്നന്‍ രജനിയുടെ പിറന്നാള്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാവും ഇത്തവണത്തെ ആഘോഷങ്ങള്‍ നടക്കുക. തമിഴ്‌നാട്ടിലെ പല ജില്ലകളിലും വൈദ്യപരിശോധന, രക്തദാനക്യാമ്പുകള്‍ സംഘടിപ്പിക്കും. തിങ്കളാഴ്ച രാവിലെ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയില്‍ രജനി, ആരാധകരുമായി കൂടിക്കാഴ്ച നടത്തും.

വീടിനുമുന്നില്‍ ഇതിനായി പ്രത്യേകം വേദിെയാരുക്കിയിട്ടുണ്ട്. ജന്മദിനം പ്രമാണിച്ച് പി.വി.ആര്‍. സിനിമാസ് ചെന്നൈയിലെയും കോയമ്പത്തൂരിലെയും ചില തിയേറ്ററുകളില്‍ രജനീകാന്ത് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. രജനീകാന്ത് നായകനായ ‘ബാബ’ സിനിമയുടെ ഡിജിറ്റല്‍ പതിപ്പിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 1000 തിയേറ്ററുകളിലാണ് ബാബ പ്രദര്‍ശിപ്പിക്കുന്നത്.

1950 ഡിസംബര്‍ 12ന് ബാംഗ്ലൂരിലാണ് രജനിയുടെ ജനനം. അന്നത് മൈസൂര്‍ സംസ്ഥാനത്തിന് കീഴിലുള്ള ബാംഗ്ലൂരായിരുന്നു. ഇന്ന് കര്‍ണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബെംഗളൂരു. യഥാര്‍ഥ പേര് ശിവാജി റാവു ഗെയ്ക്ക്വാദ്. സിനിമയിലെത്തിയ ശേഷമാണ് രജനികാന്ത് എന്ന പേര് സ്വീകരിച്ചത്.

കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന രജനി 1975ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ കാലെടുത്തു വച്ചത്. ശിവാജി റാവു എന്ന പേര് രജിനികാന്ത് എന്നാക്കിയത് ബാലചന്ദറാണ്. അതേവര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. തുടര്‍ന്ന് മുത്തുരാമന്‍ സംവിധാനം ചെയ്ത ഭുവന ഒരു കേള്‍വിക്കുറി (1977) എന്ന ചിത്രത്തിലെ വേഷം രജിനിയെ ശ്രദ്ധേയനാക്കി.

എഴുപതുകളുടെ അവസാന ഘട്ടത്തില്‍ കമല്‍ഹാസന്‍ നായകനായ ചിത്രങ്ങളില്‍ വില്ലന്‍ വേഷമായിരുന്നു രജിനിക്ക് പതിവായി ലഭിച്ചിരുന്നത്. പതിനാറു വയതിനിലെ, അവര്‍ഗള്‍ തുടങ്ങിയ ചിത്രങ്ങള്‍ അതില്‍ ഉപെടുന്നു. 2002ല്‍ രജനി അഭിനയം നിര്‍ത്തുന്നു എന്ന അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നു.

അക്ഷന്‍ രംഗങ്ങളിലെ ചടുലതയും പാട്ടു സീനുകളിലെ വേറിട്ട ശൈലിയും രജനി കാന്തിന്റെ പ്രത്യേകതകളാണ്. തൊണ്ണൂറുകളില്‍ മന്നന്‍, മുത്തു, ബാഷ പടയപ്പ തുടങ്ങിയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഉത്സവമായി.

നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. 2000ത്തില്‍ പത്മഭൂഷണും, 2016ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും രജിനി കാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

Vijayasree Vijayasree :