‘കൽക്കി 2898ADയുടെ ലോകം ഇഷ്ടപ്പെട്ടു‘ ; വാനോളം പ്രശംസിച്ച് രാജമൗലി

പ്രഭാസിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കൽക്കി AD 2898 തീയറ്ററിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിന് വൻ ജനശ്രദ്ധയാണ് പിടിച്ചു പറ്റുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ സിനിമ പ്രദർശനത്തിന് എത്തിയിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ അത്ഭുതമെന്നു ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന സിനിമയാണ് കൽക്കിയെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ രാജമൗലി രംഗത്തെത്തിയിരിക്കുകയാണ്.

കൽക്കി 2898ADയുടെ ലോകം ഇഷ്ടപ്പെട്ടെന്നും അവിശ്വസനീയമായ സജ്ജീകരണങ്ങളോടെ അത് എന്നെ പല തലത്തിലേക്ക് കൊണ്ടുപോയെന്നും ഹിറ്റുകളുടെ സംവിധായകൻ പറയുന്നു. അമിതാഭ് ജി, കമൽ സാർ, ദീപിക എന്നിവരിൽ നിന്ന് ലഭിച്ചത് മികച്ച പിന്തുണ. സിനിമയുടെ അവസാന 30 മിനിറ്റ് എന്നെ പുതിയൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അത് സൃഷ്ടിക്കാൻ എടുത്ത സമാനതകളില്ലാത്ത പ്രയത്നത്തിന് നാഗിക്കും മുഴുവൻ വൈജയന്തി ടീമിനും അഭിനന്ദനങ്ങളെന്നാണ് രാജമൗലി തന്റെ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.

അതേസമയം പ്രഭാസും അമിതാഭ് ബച്ചനും കമല്‍ഹാസനും ദീപിക പദുക്കോണും തുടങ്ങിയ താരനിരകൾ ഗംഭീര പ്രകടനമാണ് സിനിമയിൽ കാഴ്ച വച്ചിരിക്കുന്നത്. മേക്കിംഗും ഗ്രാഫിക്സും പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും സംഘട്ടനവുമെല്ലാം ഒന്നിനൊന്നു മികച്ചുനിൽക്കുന്ന ചിത്രത്തെ പ്രശംസിച്ച് നിരവധിപേരാണ് എത്തുന്നത്.

Vismaya Venkitesh :