കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരെ ഏത് സ്ട്രാറ്റജിയുടെ പേരിലാണെങ്കിലും വ്യക്തിഹത്യ നടത്തുന്നത് തെറ്റായ കാര്യമാണെന്ന് ദിലീപ് അനുകൂലി കൂടിയായ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. ദിലീപ് അനുകൂലികള്‍ക്ക് മഞ്ജു വാര്യറയോ അവരുടെ കുടുംബത്തേയോ അപകീര്‍ത്തിപ്പെടുത്താനുള്ള യാതൊരു അവകാശവും ഇല്ലെന്നും രാഹുല്‍ പറഞ്ഞു.
ഏത് ലീഗല്‍ സ്ട്രാറ്റജിയുടെ ഭാഗമാണെങ്കിലും മഞ്ജു വാര്യറേയോ കാവ്യ മാധവനേയോ അതിജീവിതയേയോ വേറെ എതെങ്കിലും സ്ത്രീയേയോ വ്യക്തിഹത്യ ചെയ്യുന്നത് തെറ്റാണ്. മഞ്ജു വാര്യര്‍ മദ്യപാനിയാണെന്ന് പറയാന്‍ ഏത് അഭിഭാഷകന്‍ പറഞ്ഞ് പഠിപ്പിക്കാന്‍ ശ്രമിച്ചാലും തെറ്റാണ്. ദിലീപിനും കുടുംബത്തിനും എതിരെ വ്യാജ വാര്‍ത്ത കൊടുക്കുന്ന ഓണ്‍ലൈന്‍ മിഡിയകളെ പോലെ മറ്റേതെങ്കിലും ഓണ്‍ലൈന്‍ ചാനല്‍ ദിലീപിന് അനുകൂലമായി വാര്‍ത്ത കൊടുക്കുന്നതില്‍ ദിലീപ് അനുകൂലികളുടെ സംഘടിത നീക്കമില്ല.
ഈ നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ദിലീപ് അനുകൂലി ഞാനാണ്. അതില്‍ അഭിമാനമേയുള്ളൂ. ഞാനടക്കമുള്ള ദിലീപ് അനുകൂലികള്‍ക്ക് മഞ്ജു വാര്യറേയോ അവരുടെ കുടുംബത്തേയോ അപകീര്‍ത്തിപ്പെടുത്താനുള്ള യാതൊരു അവകാശവും ഇല്ല. കോടതികളെ ഒരു കാരണവശാലും എതിര്‍ക്കില്ല. ഇനി കോടതിയില്‍ നിന്നും മറിച്ചൊരു വിധിയാണ് ഉണ്ടാകുന്നതെങ്കില്‍ അധപതിച്ച രീതിയിലുള്ള പ്രചരണം നടത്തില്ല.
കാരണം കോടതി വ്യവഹാരങ്ങള്‍ക്ക് ഒരു വിശുദ്ധിയുണ്ട്. അതിനെ ബഹുമാനിക്കണം. അല്ലാതെ ജഡ്ജിയുടെ ഭര്‍ത്താവിനേയും അച്ഛനേയും മോളേയും കേസിലേക്ക് വലിച്ചിഴക്കുന്ന സ്വഭാവം ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ ഒരിക്കലും ചെയ്യില്ല. അങ്ങനെ ചെയ്യുന്നൊരു ഫ്രിന്‍ഞ്ച് ഉണ്ടെങ്കില്‍ അവരുടെ അക്കൗണ്ട് വേറെയുമാണ്.
ദിലീപ് നിയമത്തിന്റെ പാതയിലാണ് പോയത്. തനിക്ക് പറയാനുള്ളത് സുപ്രീം കോടതി സമക്ഷം ആണ് പറഞ്ഞത്. അല്ലാതെ പ്രൊപ്പഗാന്റ വര്‍ക്ക് അല്ല. ദിലീപിന് എതിരെയാണ് പിആര്‍ വര്‍ക്ക്. അതിന് കാരണവുമുണ്ട്. ആദ്യം ദിലീപിനെ എല്ലാവരും തെറ്റിധരിച്ചിരുന്നു. എന്നാല്‍ ഇന്ന് ദിലീപ് നിരപരാധിയാണെന്ന് പൊതുസമൂഹത്തിന് ബോധ്യം വരുന്നു, അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ള, മധു സാറിനെ പോലുളള, ശ്രീലേഖ ഐപിഎസിനെ പോലുള്ളവര്‍ പറയുന്നു.
കെ ആര്‍ നാരയാണന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന വ്യാജ പ്രൊപ്പഗാണ്ടകള്‍ പല കാര്യത്തിലും നടക്കുന്നുണ്ട്. മീഡിയയിലെ ഒരു വിഭാഗത്തിന് പ്രത്യേകിച്ച് അര്‍ബന്‍ നക്‌സല് സ്വഭാവമുള്ള, തീവ്ര ഇടത് സ്വഭാവം ഉള്ള സ്വാധീനമുള്ള സ്ഥലങ്ങളില്‍ നറേറ്റീവ് സെറ്റ് ചെയ്യാനായി അവര്‍ ബാക്കിയുള്ളവരെ കരിവാരി തേക്കും. ദിലീപിന്റേയും വിജയ് ബാബുവിന്റേയും എല്‍ദോസ് കുന്നപ്പള്ളിയുടേയും കാര്യത്തില്‍ ഒക്കെ നമ്മള്‍ അത് കണ്ടതാണ്.
എല്‍ദോസ് കേസില്‍ കോടതി പറഞ്ഞത് വ്യാജ പീഡന ആരോപണം പീഡനത്തെ പോലെ തന്നെ ഭീകരമാണെന്നാണ്. വിജയ് ബാബുവിനോട് ബന്ധമുള്ള കുട്ടി ചാന്‍സ് കിട്ടാതെ വിജയ് ബാബുവിനെ കരിവാരി തേച്ചപ്പോള്‍ കോടതി അടക്കം വിജയ് ബാബുവിന് അനുകൂലമായി. ഒരു ദിവസം പോലും അറസ്റ്റ് ചെയ്തില്ല. കാര്യം വിജയ് ബാബുവിന്റെ ഭാഗത്താണ് ന്യായം. അതുപോലെ ദിലീപിന്റെ പക്ഷത്താണ് ന്യായം.
സ്ത്രീ പക്ഷത്താണെന്ന് വരുത്തി തീര്‍ക്കാന്‍ അര്‍ബന്‍ നക്‌സലുകള്‍ മറ്റുള്ളവരെ കരിവാരി തേക്കുകയാണ്. അത് കോടതിയില്‍ വിലപോകില്ല. മാധ്യമങ്ങളില്‍ ചിലപ്പോള്‍ കൈയ്യടി കിട്ടുമായിരിക്കും. കോടതി സത്യത്തിലാണ് വിശ്വസിക്കുന്നത്, തെളിവിലാണ് വിശ്വസിക്കുന്നത്. തെളിവില്ലാതെ ദിലീപിനെ ഇവര്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. കാരണം ദിലീപിന്റെ ഭാഗത്താണ് സത്യം, ന്യായം, നീതി, നിയമം’, എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
മാത്രമല്ല, ‘പള്‍സര്‍ സുനിയോട് ഒരു ദയയുടേയും ആവശ്യമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അതിജീവിതയുടെ ട്രോമയും അവരുടെ മനസും അല്ലെങ്കില്‍ അതിജീവിതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന കേരളത്തിലെ 99 ശതമാനം മനുഷ്യരുടെ മനസ് തന്നെയാണ് കാണേണ്ടത്. കേസ് ഇനി കുറച്ച് മാസങ്ങള്‍ കൂടിയല്ലേ ഉണ്ടാകുകയുള്ളൂ. പള്‍സര്‍ സുനിയോട് സാങ്കേതികത്വം കാണിക്കേണ്ട കാര്യമില്ല. ഒരു കാര്യത്തില്‍ മാത്രമേ ഇവിടെ വിയോജിപ്പുള്ളൂ, എട്ടാം പ്രതി കേസില്‍ ഉള്‍പ്പെട്ടിട്ടില്ല, ദിലീപിന് ഈ കേസില്‍ യാതൊരു ബന്ധവുമില്ല.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അതിജീവിതയെ പൊതുവേദിയിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന പ്രമുഖ സംവിധായകനായ രഞ്ജിത്ത് ആ പരിപാടി കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ദിലീപിനൊപ്പം മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം തിരിച്ച് ചോദിച്ചത് ദിലീപിനെ കണ്ടാല്‍ പിന്നെ ഞാന്‍ ഇറങ്ങി ഓടണമോയെന്നാണ്. രഞ്ജിത്തിന്റെ മനസാണ് ഓരോ മലയാളികളുടേയും മനസ്.
അതിജീവിതയുടെ ഒപ്പം തന്നെയാണ് പക്ഷേ ദിലീപ് കുറ്റക്കാരനാണോയെന്ന് അറിയില്ല. കോടതി പറയട്ടെ അല്ലെങ്കില്‍ ദിലീപ് നിരപരാധിയാണെന്നതാണ്. കുഞ്ചാക്കോ ബോബനോട് അതിജീവിതയോടൊപ്പമാണോയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സത്യത്തോടൊപ്പം ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്, അത് കോടതി പറയട്ടേയെന്നാണ്. കേരള സമൂഹം മാറുന്നതിന്റെ നേര്‍ കാഴ്ചയാണത് എന്നും രാഹുല്‍ പറഞ്ഞു.