കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളക്കരയിലെ ചർച്ചാവിഷയമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ. ഇന്ന് ഒരു രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ് ചിത്രം. വിവാദ സീനുകളിൽ ചിലത് കട്ട് ചെയ്തിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങളെല്ലാം രേപ്പെടുത്തിയെത്തിയത്. ഈ വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെയാണ് പൃഥ്വിരാജ്, ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ എന്നിവർക്കതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ സ്വീകരിക്കുന്നുവെന്ന വാർത്തകൾ പുറത്ത് വരുന്നത്.
പൃഥ്വിരാജ് അഭിനയിച്ച കടുവ, ജനഗണമന, ഗോൾഡ് സിനിമകളുടെ പ്രതിഫലത്തിൽ വ്യക്തത തേടിയാണ് ആദായനികുതി വകുപ്പ് താരത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. എമ്പുരാൻ നിർമാതാവ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും പരിശോധന നടന്നിരുന്നു. എന്നാൽ എമ്പുരാൻ വിവാദത്തിന് ഇതുമായി ബന്ധമില്ലെന്നാണ് ഇഡി പറഞ്ഞിരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ.
ഇപ്പോഴത്തെ ഈ നടപടി നേരത്തെ തന്നെ തുടങ്ങിയതായിരിക്കാമെന്നാണ് രാഹുൽ ഈശ്വർ ചൂണ്ടിക്കാണിക്കുന്നത്. ഗോകുലം ഗോപാലിനെതിരെ നേരത്തെ തന്നെ കേസ് ഉണ്ടെന്ന കാര്യം നമ്മൾ കേൾക്കുകയുണ്ടായി. പൃഥ്വിരാജിന് നോട്ടീസ് ലഭിച്ചത് മാർച്ച് 29 നാണ് എന്ന ധാരണ. കംപ്യൂട്ടർ ജനറേറ്റഡ് ആയിട്ടുള്ള നോട്ടീസാണ് ഇതെന്നാണ് ഇൻകം ടാക്സിലെ ആളുകൾ പറയുന്നതെന്നും അദ്ദേഹം പറയുന്നു. ആദായനികുതി വകുപ്പാണെങ്കിലും എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ആണെങ്കിലും കുറച്ചുകൂടെ ശ്രദ്ധിക്കണമായിരുന്നു.
നമ്മുടെ ഇത്തരം ഏജൻസികളെ വിശ്വസിച്ചാണ് നാട്ടുകാരെല്ലാം ജീവിക്കുന്നത്. ഇഡിയേയും എൻ ഐ എയെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന വിമർശനമുള്ള ഒരു സിനിമ ഇറങ്ങി ഒരാഴ്ച കഴിയുമ്പോഴാണ് ആ സിനിമയുമായി ബന്ധപ്പെട്ടവർക്കെതിരെ ഇത്തരമൊരു നടപടിയുണ്ടാകുന്നത്. സാധാരണ ജനങ്ങൾ ഏതെങ്കിലും രീതിയിൽ തെറ്റിദ്ധരിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ അന്വേഷണ ഏജൻസികൾ കുറച്ച് ശ്രദ്ധ പുലർത്തേണ്ടിയിരുന്നു.
സിനിമ ഇറങ്ങിയത് മുതൽ തന്നെ അന്വേഷണ ഏജൻസികൾ വരുമെന്ന് ചില സുഹൃത്തുക്കൾ പറയുന്നുണ്ടായിരുന്നു. യഥാർത്ഥത്തിൽ ഈ സംഭവം പൃഥ്വിരാജിനെ വലിയ താരം ആക്കുകയേയുള്ളു. എമ്പുരാനിൽ മഞ്ജുവാര്യറെ അറസ്റ്റ് ചെയ്തത് പോലെ പൃഥ്വിരാജിന് അറസ്റ്റ് കൂടെ ചെയ്താൽ ഹീറോയിൽ നിന്ന് സൂപ്പർഹീറോ പദവി ലഭിക്കുകയും ചെയ്യുമെന്നന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർക്കുന്നു.
അതേസമയം, ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. എമ്പുരാനുമായി ഇപ്പോഴത്തെ നോട്ടീസിന് യാതൊരു ബന്ധവുമില്ലെന്നും ഐടി വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. ആശീർവാദ് മൂവിസ് നിർമ്മിച്ച രണ്ട് ചിത്രങ്ങളുടേയും ഓവർസീസ് റൈറ്റ്, താരങ്ങൾക്ക് നൽകിയ പ്രതിഫലം എന്നീ കാര്യങ്ങളാണ് ആന്റി പെരുമ്പാവൂർ പ്രധാനമായും വ്യക്തമാക്കേണ്ടത്.
മകൻ തെറ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നുമായിരുന്നു ഐ ടി വകുപ്പ് നോട്ടീസ് ലഭിച്ചതിന് പിന്നാലെ പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ പ്രതികരിച്ചത്. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളിൽ അഭിനയിച്ചതിന് പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിട്ടില്ലെന്നും പക്ഷേ നിർമ്മാണ പങ്കാളിയെന്ന നിലയിൽ പണം വാങ്ങിയിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നാണ് ഇഡി നോട്ടീസിൽ പറയുന്നത്.
അതേസമയം, ഗോകുലം ഗോപാലന്റെ ധനകാര്യ സ്ഥാപനങ്ങളിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം ഇപ്പോഴും തുടരുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാനാണ് ത അന്വേഷണ ഏജൻസിയുടെ തീരുമാനം. ഗോകുലം ഗോപാലൻ നിർമിച്ച ചിത്രങ്ങളെ കുറിച്ചും അന്വേഷണം നടത്തും.
വെള്ളിയാഴ്ച ചെന്നൈയിലെ കോടമ്പാക്കത്തുള്ള ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനം, കോർപ്പറേറ്റ് ഓഫീസ് എന്നിവയോടൊപ്പം തന്നെ കോഴിക്കോട് മാവൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ഗോകുലം മാളിലും ഇഡിയുടെ പരിശോധന നടന്നു. ആയിരം കോടിയുടെ നിയമലംഘനം കേന്ദ്ര ഏജൻസി കണ്ടെത്തിയെന്ന തരത്തിലുള്ള ചില റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്.
ദേശസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും ആശയങ്ങളുടെ പ്രചാരണത്തിനുള്ള ‘പ്രൊപഗാൻഡ’ സിനിമകളുടെ നിർമ്മാണത്തിനു വേണ്ടിയാണോ വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നതെന്നാണു പ്രധാനമായും പരിശോധിക്കുന്നത്. വിദേശകള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ നിർമ്മാണ വേളയിലാണ് ഏറ്റവും അധികം ലഹരിമരുന്ന് ഷൂട്ടിങ് ലൊക്കേഷനുകളിൽ എത്തുന്നതെന്നും കേന്ദ്ര ഏജൻസികൾക്ക് നേരത്തെ മൊഴി ലഭിച്ചിരുന്നു.
സമീപകാലത്തു മലയാളത്തിൽ കൂടുതൽ മുതൽ മുടക്കിയ നിർമ്മാതാവിനെ ആദായനികുതി വകുപ്പ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഈ നിർമ്മാതാവിനെ ബിനാമിയാക്കി മലയാള സിനിമയിൽ കള്ളപ്പണം നിക്ഷേപിക്കുന്നതായുള്ള ആരോപണം പരിശോധിക്കാനാണിത്. എന്നാൽ ഈ യുവ നിർമ്മാതാവിനെ കസ്റ്റഡിയിൽ എടുത്തിരുന്നില്ല. പിഴ അടയക്കാത്ത നിർമ്മാതാക്കൾക്കെതിരെ നടപടി കർശനമാക്കും. ഈ നിർമ്മതാക്കളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
മലയാളത്തിലെ പുതിയ സിനിമകളുടെ ഇതിവൃത്തം സൂക്ഷ്മമായി പരിശോധിക്കാനും രഹസ്യാന്വേഷണ ഏജൻസികൾക്കു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം ലഭിച്ചിരുന്നു. കണക്കുകളിൽ പൊരുത്തക്കേട് കണ്ടതിനാലായിരുന്നു നോട്ടീസ്. ഇതിൽ പൃഥ്വിരാജ് മാത്രമാണ് പിഴ അടച്ച് നിയമ നടപടികളിൽ നിന്നും ഒഴിവായത്. ഇവരിൽ ഒരാളെയാണ് കേന്ദ്ര ഏജൻസി കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നു. 2022 ഡിസംബർ 15 മുതലാണ് മലയാള സിനിമാ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ താരങ്ങളുടെയും പ്രമുഖ നിർമ്മാതാക്കളുടെയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
അന്ന് നടൻ മോഹൻലാലിന്റെ മൊഴി ആദായ നികുതി വകുപ്പ് രേഖപ്പെടുത്തിയിരുന്നു. മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്പത്തിക ഇടപാടിലായിരുന്നു അന്വേഷണം. അന്നത്തെ പരിശോധനയിൽ 225 കോടി രൂപയുടെ കള്ളപ്പണ ഇടപാട് തിരിച്ചറിഞ്ഞതായും 70 കോടിയിലേറെ നികുതി വെട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്. സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുൻപ് തന്നെ കളക്ഷൻ അൻപതും എഴുപതും കോടി നേടിയെന്ന് ചില നിർമ്മാതാക്കൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത് മുൻനിർത്തിയാണ് പ്രധാനമായും അന്വേഷണം നടന്നത്.
നൂറു മുതൽ ഇരുനൂറു വരെ സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങൾ അധികം ആളില്ലാത്ത അവസ്ഥയിലും പത്തോ ഇരുപതോ ദിവസം കൊണ്ട് 50 കോടി നേടുന്ന കണക്കുകൾ ആദായ നികുതി വകുപ്പിന് സംശയം ഉളവാക്കിയിട്ടുണ്ട്. പ്രമുഖ താരങ്ങൾ അടക്കമുള്ളവർ വിദേശത്ത് സ്വത്തുക്കൾ വാങ്ങിയതിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ചില താരങ്ങളും നിർമ്മാതാക്കളും യു എ ഇ, ഖത്തർ കേന്ദീകരിച്ച് വൻ നിക്ഷേപം നടത്തിയതായി കണ്ടെത്തി.
മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, തുടങ്ങി മലയാള സിനിമാ മേഖലയിൽ നിർമ്മാണ രംഗത്ത് സജീവമായവരുടെ സാമ്പത്തിക ഇടപാടുകളിലും നിർമ്മാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുമായിരുന്നു ഡിസംബറിലെ പരിശോധന. ചില താരങ്ങളുടെ ബിനാമികളാണ് ചില നിർമ്മാതാക്കൾ എന്നും ആരോപണം ഉണ്ട്.
ഇവർ നിർമ്മിക്കുന്ന സിനിമകളുടെ ഓവർസീസ് വിതരണാവകാശത്തിന്റെ മറവിലായിരുന്നു വിദേശത്തെ കള്ളപ്പണ ഇടപാടെന്നാണ് സൂചന. ഇവരിൽ ചിലരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണ്. ചില തമിഴ് സിനിമാ നിർമ്മാതാക്കളും ബിനാമി ഇടപാടിലുടെ മലയാള സിനിമയിൽ പണം മുടക്കുന്നതായി തിരിച്ചറിഞ്ഞിരുന്നു.
അതേസമയം, മലയാള സിനിമയിൽ പുതിയചരിത്രം കുറിക്കുകയാണ് എമ്പുരാൻ. റിലീസ് ചെയ്ത് പത്ത് ദിവസംകൊണ്ട് മലയാളത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന ചിത്രമായി എമ്പുരാൻ മാറി. 2024ൽ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സിനെ മറികടന്നാണ് എമ്പുരാൻ ഇൻഡസ്ട്രി ഹിറ്റായി മാറിയത്. ചിത്രത്തിൻറെ അണിയറ പ്രവർത്തകരാണ് ഇക്കാര്യം അറിയിച്ചത്.
72 ദിവസം കൊണ്ട് മഞ്ഞുമ്മൽ ബോയ്സ് ആഗോളതലത്തിൽ നേടിയ 242 കോടി രൂപ വെറും പത്ത് ദിവസം കൊണ്ടാണ് എമ്പുരാൻ മറികടന്നത്. എമ്പുരാൻറെ ആഗോള കലക്ഷൻ ഇതിനോടകം തന്നെ 250 കോടി പിന്നിട്ടു. കേരളത്തിന് പുറത്തുനിന്ന് 30 കോടി രൂപയാണ് ചിത്രം നേടിയെടുത്തത്. വിദേശത്തും ഇതിനോടകം തന്നെ മഞ്ഞുമ്മൽ ബോയ്സിനെ എമ്പുരാൻ മറികടന്നിട്ടുണ്ട്. ചിത്രത്തിൻറെ നിർമാതാവിനു കിട്ടുന്ന ഷെയർ തുക 100 കോടി പിന്നിട്ടു കഴിഞ്ഞുവെന്നും അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമാ നിർമാതാവിന് 100 കോടി ഷെയർ ലഭിക്കുന്നത്. എമ്പുരാൻ ഇപ്പോൾ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി അതിന്റെ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. മലയാള സിനിമാ വ്യവസായത്തിലെ പുതിയ അടയാളപ്പെടുത്തലാണ് ഇത്. ഈ നിമിഷം ഞങ്ങളുടേത് മാത്രമല്ല, തിയേറ്ററുകളിൽ പ്രതിധ്വനിച്ച ഓരോ ഹൃദയമിടിപ്പിനും, ഓരോ ആഹ്ലാദത്തിനും, ഓരോ കണ്ണീരിനും, നിങ്ങൾക്കും അവകാശപ്പെട്ടതാണ്,’ പൃഥ്വിരാജും മോഹൻലാലും അടക്കമുള്ള ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ നിർമാതാവിന് കിട്ടുന്ന ഷെയർ തുക 100 കോടി പിന്നിട്ടത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സിനിമയ്ക്കു 100 കോടി ഷെയർ ലഭിക്കുന്നത്. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ എന്നിവർ ചേർന്നാണ് എമ്പുരാൻ നിർമിച്ചിരിക്കുന്നത്.