മലയാള സിനിമാ രംഗത്ത് നടക്കുന്ന ചൂഷണങ്ങൾ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് തുറന്ന് പറച്ചിലുമായി രംഗത്ത് വരുന്നത്. തമിഴ് നടി രാധിക ശരത്കുമാർ നടത്തിയ വെളിപ്പെടുത്തൽ ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. മലയാള സിനിമകളുടെ സെറ്റിൽ കാരവാനിൽ ഒളി ക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന് താനറിഞ്ഞിട്ടുണ്ടെന്ന് രാധിക ശരത്കുമാർ വ്യ്കതമാക്കിരുന്നു. ഇപ്പോഴിതാ ആരോപണം ഉന്നയിച്ചതിന് പിന്നാലെ അന്വേഷണസംഘം കാര്യങ്ങളിൽ വ്യക്തത തേടി വിളിച്ചതായി നടി രാധിക ശരത്‌കുമാർ.
എന്റെ സിനിമയുടെ സെറ്റിലാണോ ഇത്തരത്തിലൊരു അനുഭവം ഉണ്ടായതെന്ന് ചോദിച്ച് മോഹൻലാൽ വിളിച്ചിരുന്നു. ആ സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങളാരും അവിടെയുണ്ടായിരുന്നില്ല. ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവർ കണ്ടതെന്ന് മനസിലാക്കിയതോടെ ഞാൻ ബഹളം വച്ചു. നിർമാണക്കമ്പനി അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്പ്പിച്ചു. വർഷങ്ങൾക്ക് മുൻപുള്ള സംഭവങ്ങൾ വിളിച്ചുപറഞ്ഞ് വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നാണ് ചിലർ ചോദിക്കുന്നത്. എന്റെ ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങൾക്കെതിരെ ഞാൻ അപ്പോൾ തന്നെ പ്രതികരിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതി ഉണ്ടാക്കാനുള്ള തീരുമാനത്തിലാണ് തമിഴ് സിനിമാ ലോകവും. മലയാളത്തിലേത് പോലെ തന്നെ തമിഴകത്തും തെലുങ്ക് സിനിമാ ലോകത്തും നടിമാർ വലിയ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.