സുഹൃത്തുക്കളെ എനിക്ക് ഇഷ്ടമായിരുന്നു, പക്ഷെ കിട്ടിയതൊക്കെ പാരകളായിരുന്നു; തുറന്ന് പറഞ്ഞ് രാധിക

ക്‌ലാസ്‌മേറ്റ്‌സിലെ റസിയയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രാധിക. രാധിക എന്ന പേര് പറഞ്ഞാല്‍ ഒരുപക്ഷെ എല്ലാവരുടേയും മനസിലേക്ക് ആ മുഖം എത്തണമെന്നില്ല. എന്നാല്‍ റസിയ എന്ന പേര് കേട്ടാല്‍ മിക്കവരുടേയും മനസിലേക്ക് കടന്നു വരുന്ന ആദ്യത്തെ മുഖം രാധികയുടേതായിരിക്കും. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നായ, മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നായിരുന്നു ക്ലാസ്‌മേറ്റ്‌സ്.

നായികയായും സഹനടിയായും മോളിവുഡില്‍ സജീവമായിരുന്ന താരത്തിന്‌റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായിരുന്നു ഈ ചിത്രം. ലാല്‍ജോസ് സംവിധാനം ചെയ്ത ക്യാമ്ബസ് ചിത്രത്തില്‍ പ്രാധാന്യമുളള റോളില്‍ തന്നെയായിരുന്നു രാധിക അഭിനയിച്ചത്. ക്ലാസ്‌മേറ്റ്‌സ് ഇറങ്ങി പതിനേഴ് വര്‍ഷം പിന്നിടുമ്പോഴും മലയാളികളുടെ മനസില്‍ രാധിക റസിയയായി തുടരുകയാണ്.

ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം രാധിക അഭിനയത്തിലേക്ക് തിരികെ വരികയാണ്. മഞ്ജു വാര്യര്‍ നായികയായ ആയിഷ എന്ന ചിത്രത്തിലൂടെയാണ് രാധികയുടെ തിരിച്ചുവരവ്. ഇപ്പോഴിതാ സിനിമയില്‍ നിന്നും തനിക്ക് ലഭിച്ച സുഹൃത്തുക്കള്‍ എല്ലാം പാരകള്‍ ആയിരുന്നുവെന്ന് പറയുകയാണ് നടി.

സുഹൃത്തുക്കളുമായി തനിക്ക് കോണ്‍ടാക്ട് ഒന്നുമില്ല എന്നും രാധിക പറയുന്നു. ‘എപ്പോഴും സംസാരിക്കുന്ന ആള്‍ക്കാര്‍, ഒരു ക്ലോസ് സര്‍ക്കിള്‍ എനിക്ക് കുറവാണ്. പക്ഷെ വിഷുവിനോ ഓണത്തിനോ ഞാന്‍ എല്ലാവര്‍ക്കും ഹാപ്പി വിഷു എന്നോ, ഹാപ്പി ഓണം എന്നോ മെസേജ് അയക്കുമ്പോള്‍ ഓര്‍ക്കാറുണ്ട്. അല്ലാതെ ആരുമായിട്ടും ഒരു പേഴ്‌സണല്‍ ടച്ച് ഇല്ല.’

‘എല്ലാം വിട്ടുപോയി. സുഹൃത്തുക്കളെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ കിട്ടിയതൊക്കെ പാരകളായിരുന്നു. എന്റെ ഒരു ക്യാരക്ടര്‍ വച്ചിട്ട് അത് എനിക്ക് മനസിലാക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. അതൊക്കെ കുറേ കഴിഞ്ഞ മനസിലായപ്പോള്‍ എനിക്ക് തോന്നി എന്തിനാ ആവശ്യമില്ലാതെ പോയി പണി വാങ്ങുന്നതെന്ന്. അങ്ങനെ കാണുമ്പോള്‍ മാത്രം സംസാരിക്കുന്ന ഒരു രീതിയായി. ആരും എന്നെ വിളിക്കാറില്ല.

അടുത്ത് ഞാന്‍ ആയിഷ ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ നിനക്ക് ഇപ്പോഴും സിനിമ ചെയ്യാന്‍ ഇഷ്ടമുണ്ടോ എന്നാണ് പലരും ചോദിച്ചത്. ആദ്യമൊക്കെ വിഷമമുണ്ടായിരുന്നു. പിന്നെ ഇതൊക്കെ ഓര്‍ത്ത് വിഷമിക്കേണ്ട ആവശ്യമില്ലെന്ന് തോന്നി’ എന്നാണ് രാധിക കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Vijayasree Vijayasree :