അംബാനി കുടുംബത്തിൽ വീണ്ടും ആഘോഷം; അനന്ദ് അംബാനി- രാധികാ മെർച്ചന്റ് വിവാ​​ഹത്തിൽ സൂപ്പർ താരങ്ങൾ

അനന്ദ്‍ അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും കല്യാണ ആഘോഷങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇറ്റലിയിൽ വച്ചുനടന്ന ആഘോഷത്തിൽ 8000-ത്തിലധികം അതിഥികളാണ് പങ്കെടുത്തത്. ആഡംബര ക്രൂയിസ് കപ്പലിലായിരുന്നു ആഘോഷ പരിപാടികൾ നടന്നത്. നാല് ദിവസം നീണ്ടുനിന്ന ആഘോഷത്തിൽ ബോളിവുഡ് സിനിമാ ലോകത്തെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായിട്ടുള്ള ആഘോഷങ്ങൾക്ക് ഈ മാസം 29ന് തുടക്കമാകുകയാണ് എന്ന വിവരമാണ് പുറത്ത് വരുന്നത്. മുംബൈയിലെ അംബാനിമാരുടെ വസതിയായ ആന്റിലിയയിൽ വച്ച് പൂജാ ചടങ്ങുകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. നിലവിൽ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പുരോ​ഗമിക്കുകയാണ്.

ജൂലൈ 12-നാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വെച്ചാണ് വിവാഹം നടക്കുന്നത്. മൂന്ന് ദിവസത്തെ വിപുലമായ ആഘോഷങ്ങൾക്ക് ശേഷമായിരിക്കും വിവാഹം. ആഘോഷങ്ങളിൽ അനന്ദും രാധികയും ധരിക്കേണ്ട വസ്ത്രങ്ങൾ പ്രശസ്ത ഡിസൈനർമാരായ അബു ജാനിയും സന്ദീപ് ഖോസ്‌ലയും ചേർന്നാണ് ഡിസൈൻ ചെയ്യുന്നത്. ആദ്യ ദിവസം വിവാഹ ചടങ്ങ്, രണ്ടാം ദിവസം ആശിർവാദ് ആഘോഷങ്ങൾ, മൂന്നാം ദിവസം വിരുന്ന് സൽക്കാരം എന്നിങ്ങനെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

അതേസമയം നേരത്തെ നടന്ന ആഘോഷങ്ങൾ പോലെത്തന്നെ 29-ന് ആരംഭിക്കുന്ന ആഘോഷത്തിൽ ബിസിനസ്, രാഷ്‌ട്രീയ, സിനിമാ മേഖലകളിലെ പ്രമുഖരും വിദേശത്തുള്ളവരും അതിഥികളായെത്തുമെന്നാണ് റിപ്പോർട്ട്.

Vismaya Venkitesh :