പൊള്ളാച്ചി പീഡനം പോലെയാണ് ബിഗ് ബജറ്റ് ചിത്രം, നയൻതാരയ്‌ക്കെതിരെയും വിമർശനം ;രാധാരവിക്കെതിരെ കേസെടുക്കണമെന്ന് ആരാധകർ !

രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു പൊള്ളാച്ചി പീഡന കേസ്. സംഭവത്തെക്കുറിച്ചുള്ള നടന്‍ രാധാ രവിയുടെ മോശം പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. പീഡനത്തെ നിസ്സാരവൽക്കരിക്കുകയും സിനിമകളുമായി താരതമ്യം ചെയ്യുകയും മറ്റു പല വിവാദ പരാമർശങ്ങളും നടത്തുകയും ചെയ്തു രാധ രവി.

നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് രാധാ രവിയുടെ വിവാദ പരാമര്‍ശങ്ങള്‍.

പൊള്ളാച്ചി പീഡനത്തെ നിസാരവല്‍ക്കരിക്കുന്ന തരത്തിലായിരുന്നു രാധാ രവി സംസാരിച്ചത്. ‘ഇപ്പോള്‍ എല്ലാവരുടെയും കയ്യില്‍ മൊബൈല്‍ ഫോണുണ്ട്. അതുകൊണ്ട് എന്തും എവിടെയും വച്ച്‌ ആളുകള്‍ക്ക് ഷൂട്ട് ചെയ്യാം. വലിയ ക്യാമറയുടെ ആവശ്യമില്ല. പൊള്ളാച്ചിയില്‍ ആരോ ബലാത്സംഗത്തിന് ഇരയായെന്നും ആ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചോര്‍ന്നുവെന്നും ഞാന്‍ കേട്ടു. പലരും അത് കാണരുത് എന്ന് പറയുന്നത് കേട്ടു. പക്ഷേ ആളുകള്‍ മറ്റെന്തു കാണും.’- അയാള്‍ പറഞ്ഞു.

ഇതുകൂടാതെ പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്യുകയും സ്ത്രീവിരുദ്ധമാ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു രാധാ രവി. ‘ഈ കാലത്ത് ബിഗ് ബജറ്റ് സ്‌മോള്‍ ബജറ്റ് സിനിമകള്‍ തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാകില്ല. ഒരു സ്‌മോള്‍ ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്ന പോലെയാണ്. എന്നാല്‍ ബിഗ് ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ പൊള്ളാച്ചിയിലെ സംഭവം പോലെ 40 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട പോലെയാണ്. അതാണ് വ്യത്യാസം.’

പ്രചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്താതിരുന്ന നയന്‍താരയ്‌ക്കെതിരേയും ഇയാള്‍ മോശം പരാമര്‍ശങ്ങള്‍ നടത്തി. നയന്‍താരയെ സൂപ്പര്‍താരങ്ങളാണ രജനികാന്ത് എംജിആര്‍ തുടങ്ങിയവരുമായി താരതമ്യം ചെയ്യരുതെന്നാണ് രാധാ രവി പറയുന്നത്. ‘നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്‍, എം.ജി.ആര്‍ എന്നിവരുമായി താരതമ്യം ചെയ്യരുത്. അവര്‍ മഹാത്മാക്കളാണ്.

‘അവരുടെ വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങള്‍ ഉണ്ടായിട്ടും നയന്‍താര സിനിമയില്‍ ഇപ്പോഴും നില്‍ക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല തമിഴ്‌നാട്ടുകാര്‍ എല്ലാം പെട്ടന്ന് മറക്കും. തമിഴ്‌സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു അതേ സമയം തെലുങ്കില്‍ സീതയായും. എന്റെ ചെറുപ്പകാലത്ത് കെആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാം’- രാധാ രവി പറഞ്ഞു.

രാധാ രവിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡന കേസിനെക്കുറിച്ച അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ മനുഷ്യത്വ രഹിതമാണ്. അദ്ദേഹത്തിനെതിരേ കേസ് എടുക്കണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്.

നടി ചിന്മയിയും രാധാ രവിക്കെതിരെ മുന്നോട്ട് വന്നിട്ടുണ്ട്. എപ്പോഴും വിവാദ പരാമർശങ്ങൾ നടത്തുന്ന നടനാണ് രാധാ രവി. സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ് കൂടുതലും.

radha ravi about pollachi abuse

HariPriya PB :