ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമയിലെ പല മുഖം മൂടികളും അഴിഞ്ഞു വീഴുകയാണ്. ഇതിനേടാകം തന്നെ നിരവധി പേരായിരുന്നു രംഗത്തെത്തിയത്. സിദ്ദിഖ്, രഞ്ജിത്ത്, സുധീഷ്, ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയും ഒരു യുവനടനെതിരെയുമാണ് വെളിപ്പെടുത്തലുകൾ വന്നിരിക്കുന്നത്.
ഇതിനെല്ലാമിടയിൽ ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് നടി രചന നാരായണൻകുട്ടി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഏറെ വൈറലായിരുന്നു. രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ… മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ… ജ്ഞാനപ്പാന, അഷ്ടമിരോഹിണി ദിനാശംസകൾ, സ്നേഹം, രചന’’. എന്നായിരുന്നു കുറിപ്പ്.
അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ തന്നെയായിരുന്നു രചന നാരായണൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതിനാൽ തന്നെ സിദ്ദിഖിന്റെ രാജിയെയാണ് വരികൾ അർത്ഥം വയ്‌ക്കുന്നതെന്ന് ചിലർ പ്രതികരിച്ചു. ജ്ഞാനപ്പാനയിലെ പ്രശസ്തമായ വരികളാണ് രചന പങ്കു വച്ചിരിക്കുന്നതെങ്കിലും ഇത് ആരെയൊക്കെയോ കുത്തിപ്പറയുന്നത് പോലെയാണ് തോന്നുന്നതെന്നാണ് പലരും പറഞ്ഞത്.
എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. എന്റെ എല്ലാ പോസ്റ്റുകളും ഷെഡ്യൂൾ ചെയ്ത് ഇടുന്നതാണ്. എല്ലാ ശ്രീകൃഷ്ണ ജയന്തിയ്ക്കും ഞാൻ പോസ്റ്റുകൾ ഇടാറുണ്ട്. പക്ഷേ ഇത്തവണത്തെ പോസ്റ്റ് അസ്ഥാനത്തായി പോയി എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.
പിന്നെ ഞാനത് ഡിലീറ്റ് ചെയ്യാനും നിന്നില്ല. എന്റെ ഉദ്ദേശം വളരെ ശുദ്ധം ആയിരുന്നു. പ്രത്യേകിച്ച് വയനാട്ടിലെ ദുരന്തം. വേറെ ഒരു ഉദ്ദേശത്തോടുകൂടിയും ആയിരുന്നില്ല ആ പോസ്റ്റ്. ജീവിതത്തിന്റെ അനിശ്ചിതത്വം മാത്രമായിരുന്നു എന്റെ മനസ്സിൽ. അതിന്റെ അർത്ഥം മനസ്സിലാക്കാതെയാണ് പലരും കമന്റ് ഇട്ടിരിക്കുന്നത്. വയനാട്ടിലെ സംഭവവുമായി ബന്ധപ്പെടുത്തി വേണം ഞാനിട്ട പോസ്റ്റ് വായിച്ചെടുക്കാൻ.
മറ്റൊരു രീതിയിൽ ആൾക്കാർ എടുത്തതിൽ തെറ്റ് പറയുന്നില്ല. അതുകൊണ്ടാണ് ആ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്യാതെ ഇരുന്നതും. കുറച്ച് ആളുകൾക്ക് അങ്ങനെ തോന്നുകയാണെങ്കിൽ, അവർ അങ്ങനെ വ്യാഖ്യാനിക്കുകയാണെങ്കിൽ അങ്ങനെ ആയിക്കോട്ടെ. പക്ഷേ ഞാൻ പറഞ്ഞതാണ് അതിന്റെ സത്യം. എന്തുവേണമെങ്കിലും ആർക്കുവേണമെങ്കിലും വ്യാഖ്യാനിക്കാം എന്നും രചന നാരായണൻക്കുട്ടി പറഞ്ഞു.