വിക്രം നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കര്‍ണന്റെ പേരില്‍ സാമ്ബത്തിക തട്ടിപ്പ് നടത്തുവാന്‍ ശ്രമിക്കുന്നുവെന്ന് സംവിധായകന് ആര്.എസ്. വിമല്‍. സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നല്കി തട്ടിപ്പ് നടത്തുന്ന സംഘത്തിനെ കുറിച്ചാണ് അദ്ദേഹം തുറന്ന് പറഞ്ഞത്.
കാസ്റ്റിംഗ് ഡയറക്ടര്‍ എന്ന പേരില്‍ മിടേഷ് നായിഡു എന്നയാളാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി തട്ടിപ്പ് നടത്തിയത്. ഇയാള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവിക്കും ആര്.എസ്. വിമല്‍ പരാതി നല്‍കിയിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്.എസ്. വിമല്‍ ഫിലിംസ്, മുംബൈ ആസ്ഥാനമായുള്ള ഇംപാക്ട് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനങ്ങളുടെ പേര് ഉപയോഗിച്ചാണ് തട്ടിപ്പ്. കൂടാതെ സിനിമയുടെ ലോഗോ വ്യജമായി നിര്‍മിച്ച് കര്‍ണന്റെ സോഷ്യല്‍മീഡിയ പേജുകള്‍ക്ക് സമാനമായ പേജുകള്‍ തട്ടിപ്പ് സംഘം നിര്‍മിച്ച് പ്രചരിപ്പിച്ചിരുന്നു.
കര്‍ണന്റെ കാമുകിയായ കാഞ്ചനമാലയുടെ റോളിലേക്ക് എന്ന പേരിലാണ് അഭിനേതാക്കളെ തേടുന്നത്. പരസ്യം കണ്ട് ബന്ധപ്പെടുന്നവരോട് ഷൂട്ടിംഗിനെ കുറിച്ചും കഥാപാത്രത്തെക്കുറിച്ചും വിശദമായി പറയും. 76 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടെന്നും ഇതിനായി രണ്ട് ലക്ഷം രൂപ ചിലവാകുമെന്നും ഇത് അഭിനേതാക്കള്‍ തന്നെ വഹിക്കണമെന്നും ആവശ്യപ്പെടും. ഇത് സമ്മതിക്കുന്നവരോട് 8500 രൂപ ഓണ്‍ലൈനായി അടച്ച് കരാര്‍ ഒപ്പിടണമെന്നും പറയും.
എന്നാല്‍ മഹാഭാരതത്തില്‍ കാഞ്ചനമാല എന്ന കഥാപാത്രം ഇല്ല. ഇത് അറിയാത്തവരാണ് തട്ടിപ്പിന് ഇരയാകുന്നത്. ഇവരുടെ പരസ്യം കണ്ട് മുംബൈ സ്വദേശിനി സിമ്രാന് ശര്‍മ സിനിമയില്‍ അഭിനയിക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സിമ്രാന്റെ സഹോദരന് ഗൗരവ് ശര്‍മയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ തട്ടിപ്പിനെക്കുറിച്ച് അറിയിച്ചത്.
ആര്.എസ്. വിമല്‍ ഇതിനെക്കുറിച്ച് ഫേസ്ബുക്കില്‍ കൂടിയാണ് അറിയിച്ചത്. നിരവധി സ്ക്രീന്‍ ഷോട്ടുകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
R S Vimal about karnan movie