പുഷ്പ 2 വിന്റെ റിലീസിനിടെ മരിച്ച യുവതിയുടെ കുടുംബത്തിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകും

പുഷ്പ 2 സിനിമയുടെ റിലീസ് ദിനത്തിൽ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതിയെന്ന യുവതി മരിച്ച സംഭവം വാർത്തയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രേവതിയുടെ ഒമ്പതുകാരനായ മകൻ ചികിത്സയിൽ തുടരുകയാണ്. ഇപ്പോഴിതാ ഈ കുടുംബത്തിന് അല്ലു അർജുനും നിർമ്മാതാക്കളും ചേർന്ന് രണ്ട് കോടി രൂപ നൽകുമെന്നാണ് പുറത്ത് വരുന്ന വിവരം.

രേവതിയുടെ കുടുംബത്തിന് അല്ലു അർജുൻ ഒരു കോടി രൂപയാണ് നൽകുക. പുഷ്പ 2-ന്റെ നിർമ്മാതാക്കളായ മൈത്രി മൂവീസും സംവിധായകൻ സുകുമാറും 50 ലക്ഷം രൂപ വീതവും നൽകും. അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദാണ് രേവതിയുടെ കുടുംബത്തിന് ഒരുകോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചത്. രേവതിയുടെ മകനെ ഹൈദരാബാദിലെ കിംസ് ആശുപത്രിയിൽ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

അതേസമയം, ഈ സംഭവത്തിൽ അല്ലു അർജുനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. രണ്ട് മണിക്കൂറിലേറെയാണ് നടനെ ചോദ്യം ചെയ്തത്. എന്നാൽ നടന്റെ മറുപടി മൗനമായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.

ഇതിനിടെ സംഭവദിവസം നടന്റെ സുരക്ഷാജോലിക്കാർ ആളുകളെ മർദിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. രേവതിയെ സുരക്ഷാജോലിക്കാർ തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങളുമുണ്ട്.

അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. മരണപ്പെട്ട സ്ത്രീയ്ക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധിച്ച സംഘമാണ് നടന്റെ വീട് ആക്രമിച്ചത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വീടിന്റെ ഗേറ്റ് ചാടിക്കടന്നെത്തിയ സംഘം കല്ലേറ് നടത്തി.

ചെടിച്ചട്ടികൾ തകർത്തു. സുരക്ഷാ ജീവനക്കാരെയും കൈയേറ്റം ചെയ്തു. തുടർന്ന് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ആക്രമികളെ കസ്റ്റഡിയിലെടുത്തു. പത്തോളം പേരടങ്ങുന്ന സംഘമാണ് വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയത്. ഉസ്മാനിയ സർവകലാശാലയിലെ സമര സമിതിയാണ് പ്രതിഷേധത്തിന് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട്.

Vijayasree Vijayasree :