ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പുഷ്പ 2 വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

നിരവധി ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍, അദ്ദേഹത്തിന്റേതായി പുറത്തെത്താനുള്ള പുഷ്പ 2 വിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2024 ഓഗസ്റ്റ് 15 ന് ബഹുഭാഷകളില്‍ ലോകമെമ്പാടുമുള്ള പ്രദര്‍ശനശാലകളില്‍ ചിത്രം റിലീസ് ചെയ്യപ്പെടും. കൗതുകമുണര്‍ത്തുന്ന ഒരു പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തെ ദൃശ്യവത്കരിച്ചിരിക്കുന്ന പോസ്റ്ററില്‍ അദ്ദേഹത്തിന്റെ മുഖം ഔട്ട് ഓഫ് ഫോക്കസില്‍ ആണ്. ഫോക്കസില്‍ ഉള്ളത് കഥാപാത്രത്തിന്റെ ഇടത്തേ കൈത്തണ്ടയാണ്. ഒരു വിരലില്‍ സ്ത്രീകളെപ്പോലെ നഖം വളര്‍ത്തി നെയില്‍ പോളിഷ് ഇട്ട്, മൂന്ന് വിരലുകളില്‍ വലിയ മോതിരങ്ങളും കൈത്തണ്ടയില്‍ സ്വര്‍ണ്ണ ചെയിനുകളുമൊക്കെ ധരിച്ചാണ് അല്ലുവിന്റെ ജനപ്രിയ കഥാപാത്രത്തിന്റെ ഇരിപ്പ്.

ആദ്യഭാഗത്തിലേതുപോലെ ഫഹദ് തന്നെയാണ് ചിത്രത്തിലെ പ്രതിനായകന്‍. ഫഹദ് അവതരിപ്പിക്കുന്ന ഭന്‍വര്‍ സിംഗ് ഷെഖാവതിന് ആദ്യഭാഗത്തേക്കാള്‍ സ്‌ക്രീന്‍ ടൈം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഇത്തവണത്തെ ദേശീയ പുരസ്‌കാരങ്ങളില്‍ രണ്ട് അവാര്‍ഡുകള്‍ നേടിയിരുന്നു പുഷ്പ.

മികച്ച നടനുള്ള പുരസ്‌കാരം അല്ലു അര്‍ജുനും മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ദേവി ശ്രീ പ്രസാദും നേടി. ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാര്‍ ആണ്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ആര്‍ആര്‍ആറിനേക്കാള്‍ മുകളിലായിരിക്കണം പുഷ്പ എന്നാണേ്രത അല്ലു സംവിധായകനോട് പറഞ്ഞത്.

Vijayasree Vijayasree :