അല്ലു അർജുന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ചിത്രമാണ് പുഷ്പ 2. ഇപ്പോഴിതാ പുഷ്പ 2 വിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ക്ഷത്രിയ കർണി സേനാ നേതാവ് രാജ്പുത് ഷെഖാവത്ത്. ഫഹദ് ഫാസിൽ വില്ലൻ കഥാപാത്രമായ പുഷ്പയിലെ ഷെഖാവത്ത് എന്ന വാക്ക് ആവർത്തിച്ച് ഉപയോഗിച്ചതിനെതിരെയാണ് രാജ്പുത് ഷെഖാവത്ത് രംഗത്തെത്തിയിരിക്കുന്നത്.

ചിത്രത്തിൽ ഷെഖാവത്ത് എന്നത് വില്ലന്റെ കുടുംബപേരായാണ് പരാമർശിച്ചിരിക്കുന്നത്. ഇത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ഷത്രിയ കർണി സേന രംഗത്തെത്തിയിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്രമെന്ന് പറഞ്ഞ് ക്ഷത്രിയ വിഭാഗത്തെ സിനിമാ മേഖല അപമാനിക്കുകയാണ്.
ഷെഖാവത്ത് എന്ന വാക്ക് ചിത്രത്തിൽ ആവർത്തിച്ച് ഉപയോഗിച്ചതിൽ രജപുത്ര വിഭാഗക്കാർ അസ്വസ്ഥരാണ്. ഇത് പിൻവലക്കണം. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വീട്ടിൽ കയറി തല്ലുമെന്നും ക്ഷത്രിയ കർണി സേന ഭീഷണി മുഴക്കി. ഇത് ക്ഷത്രിയ വിഭാഗത്തെ അപമാനിക്കാനുള്ള ശ്രമമാണ്. ചിത്രത്തിൽ നിന്നും വാക്ക് നീക്കം ചെയ്യണമെന്നും ക്ഷത്രിയ വിഭാഗം നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷെഖാവത്ത് സമുദായക്കാരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും രാജ്പുത് ഷെഖാവത്ത് പറഞ്ഞു.
അതേസമയം, പുഷ്പ ആദ്യഭാഗം ആഗോളതലത്തിൽ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ഇങ്ങനെ പോയൽ സിനിമയുടെ ആകെ കളക്ഷൻ 1000 കോടി കടക്കുമെന്നാണ് നിഗമനം. ആദ്യദിനത്തിൽ മാത്രം സിനിമ ആഗോളതലത്തിൽ 294 കോടി നേടിയും റെക്കോർഡിട്ടിരുന്നു.
