നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് കഴിഞ്ഞ ദിവസമായിരുന്നു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സാക്ഷിയും പൾസർ സുനിയ്ക്കൊപ്പം ഒരു വർഷം ജയിലിൽ കഴിഞ്ഞയാളുമായ ജിൻസൺ. സുനി ജാമ്യത്തിൽ ഇറങ്ങിയ അവസരം മുതലാക്കാൻ പലരും ശ്രമിക്കും എന്നും ദിലീപിന്റെ ഉദ്ദേശ്യം ഇനിയാണ് നടക്കാൻ പോകുന്നത് എന്നും ജിൻസൺ പറഞ്ഞു.
ജിൻസന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;
പൾസർ സുനി ജാമ്യത്തിലിറങ്ങി എന്ന് പറഞ്ഞ് കിട്ടിയ അവസരം മുതലാക്കാൻ മറ്റ് പലരും ശ്രമിക്കും. ഇതിലെ എട്ടാം പ്രതിയായിരുന്ന ആളുടെ ഉദ്ദേശ്യം എന്തായിരുന്നോ അത് ഇനിയാണ് നടക്കാൻ പോകുന്നത്. ഇവരെ സമൂഹത്തിൽ മോശക്കാരിയാക്കുക എന്നതായിരുന്നല്ലോ അവരുടെ ഉദ്ദേശ്യം. ആ ഉദ്ദേശ്യം പൾസർ സുനിയുടെ ജാമ്യത്തിലൂടെ ഇനി നടപ്പിലാക്കാൻ ശ്രമിക്കും.
അതിന് വേണ്ട ജാഗ്രത പൊലീസ് കാണിക്കണം. ജുഡീഷ്യറിയുടെ കസ്റ്റഡിയിലിരിക്കുന്ന ഫോണിലെ വിവരങ്ങൾ പോലും ജഡ്ജസ് കണ്ടു, കോടതി ജീവനക്കാർ കണ്ടു എന്നിങ്ങനെ പലരും കണ്ടു എന്ന വാർത്ത അന്തരീക്ഷത്തിൽ പരന്ന് നിൽക്കുകയാണ്. അതിനിടക്ക് പൾസർ സുനിക്ക് ജാമ്യം കിട്ടി എന്ന് പറയുമ്പോൾ സ്വാഭാവികമായിട്ടും പൾസർ സുനിയുടെ കൈയിൽ നിന്നാകും ഇനി അതെല്ലാം ലീക്കാകുക എന്നൊരു ധാരണ പൊതുവെ വരാൻ സാധ്യത ഉണ്ട്.
അദ്ദേഹത്തെ വീണ്ടും അകത്തേക്ക് വിടാനുള്ള സംവിധാനങ്ങൾ ഇതിനിടയിൽ ഗൂഢാലോചന നടത്തുന്ന ആളുകൾ ചെയ്യും എന്നൊരു ധാരണ എനിക്കുണ്ട്. അത് വേണ്ട രീതിയിൽ പരിഗണിക്കാൻ കേരള പൊലീസിനും അതുപോലെ സർക്കാരും ജാഗ്രത കാണിച്ചില്ലെങ്കിൽ വലിയ ആപത്തിലേക്ക് പോകും. അതിജീവിതയ്ക്ക് വേണ്ട പരിരക്ഷ കേരള സർക്കാർ കൊടുക്കണം.
ജയിലിൽ നിന്ന് ഇറങ്ങുന്ന ആളുകളെ പിക്ക് ചെയ്ത് കൊണ്ടുപോകുന്ന ഒരു സ്വഭാവമുണ്ട് പൊലീസിന്. അത് ഏത് പൊലീസാണ് കൊണ്ടുപോകുക എന്നതാണ്. ഇതിനായിട്ടുള്ള പൊലീസാണോ അതോ ചില സാമർത്ഥ്യം കാണിക്കുന്ന സ്വാധീനമുള്ള ആളുകളുടെ പൊലീസുണ്ടാകും. അവരാണോ കൊണ്ടുപോകുക എന്ന് അറിയണം.
അതിലൊക്കെ പെട്ട് പൾസർ സുനിയെ പൊക്കിക്കൊണ്ട് പോകാതിരിക്കാൻ അദ്ദേഹത്തിന്റെ കുടുംബക്കാരും അദ്ദേഹത്തിനൊപ്പമുള്ള ആൾക്കാരും നോക്കേണ്ടതാണ്. ജെനുവിനായി നിൽക്കുന്ന ബൈജു പൗലോസിനേയും അദ്ദേഹത്തെ അസിസ്റ്റ് ചെയ്യുകയും ചെയ്യുന്ന ആളുകളും അത്തരം കാര്യങ്ങൾക്ക് നിൽക്കില്ല എന്നാണ് എന്റെ വിശ്വാസം. കാരണം ഞാനീ കേസുമായി ബന്ധപ്പെട്ട് സാക്ഷി പറയുന്നതിനും മറ്റും അവർക്കൊപ്പം പലതവണ പോയിട്ടുണ്ട്.
അവരിൽ നിന്നും കിട്ടിയ അനുഭവങ്ങൾ വളരെ ജെനുവിനായിട്ടുള്ളതാണ്. ഇതിൽ ഉൾട്ട കളിക്കുന്ന കുറെ ആളുകളുണ്ടാകും. അവെരാക്കെ പൾസർ സുനിയെ ഇനി എങ്ങനെ വിനിയോഗിക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഏഴരകൊല്ലം ജയിലിൽ കിടന്ന വ്യക്തിയാണ് പൾസർ സുനി. പൾസർ സുനിയുടെ ജീവനാണോ അതോ മറ്റ് പലരുടേയും ജീവനാണോ ആപത്തുണ്ടാകുക എന്നത് കാത്തിരുന്ന് കാണേണ്ടി വരും.
ഞാൻ ഏകദേശം ഒരു വർഷത്തോളം ജയിലിൽ കിടന്ന ആളാണ്. എനിക്കുണ്ടായ ബന്ധങ്ങൾ എന്താണ് എന്ന് എനിക്കറിയാം. അതുപോലെ ഏഴരക്കൊല്ലം സുനിയെ സംബന്ധിച്ച് അവൻ എല്ലാവരോടും നന്നായി പെരുമാറുന്ന ആളാണ്. ഏഴരക്കൊല്ലം ജയിലിൽ കിടന്ന് പുറത്തിറങ്ങുന്ന ഒരു വ്യക്തിക്കുള്ള ബന്ധങ്ങൾ എന്താവും ഏതാവും എന്നുള്ളതൊക്കെ എന്റെ അനുഭവത്തിൽ എനിക്കറിയാം. ആരുടേയൊക്കെ ജീവന് ഭീഷണിയാകും എന്നുള്ളത് കാത്തിരുന്ന് കണ്ടാൽ മതി എന്നുമാണ് ജിൻസൺ പറയുന്നത്.
അതേസമയം, പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും വിചാരണ അട്ടിമറിക്കുന്നതിനായി ആക്രമണ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യത ഉണ്ടെന്നും സംസ്ഥാന സർക്കാർ വാദിച്ചിരുന്നു. എന്നാൽ വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് സുനിയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.