ഭക്ഷണം വൈകി; ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ അടിച്ച് തകർത്തു, ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പൾസർ സുനി കസ്റ്റഡിയിൽ!

കേരളക്കരയാകെ ഉറ്റുനോക്കുന്ന നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി പോലീസ് കസ്റ്റഡിയിൽ. എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിനാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം. ഭക്ഷണം വൈകിയെന്ന് ആരോപിച്ചായിരുന്നു സുനിയുടെ അതിക്രമം.

ഹോട്ടൽ ജീവനക്കാരെ അസഭ്യം പറയുകയും ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ തകർക്കുകയും ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. കഴിഞ്‍ ദിവസം രാത്രി എട്ടരയോടെ ആയിരുന്നു സംഭവമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭക്ഷണം വൈകിയതിനാലാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ സുനി തകർത്തതെന്ന് എഫ്ഐആറിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെയാണ് സുനി വീണ്ടും കസ്റ്റഡിയിലാകുന്നത്.

ഏതാനും മാസങ്ങൾക്കുള്ളിൽ അന്തിമവാദം കേൾക്കാൻ ഇരിക്കെയാണ് പൾസർ സുനി ജയിൽ മോചിതനാകുന്നത്. പൾസർ സുനിക്ക് കർശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിമ്മിൽ കൂടുതൽ ഉപയോഗിക്കരുത്, സിം വിവരങ്ങൾ കോടതിയിൽ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ഏഴര വർഷമായി പൾസർ സുനി ജയിലിൽ കഴിയുകയാണെന്നും കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാൻ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പൾസർ സുനിക്ക് ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാർ വാദിച്ചു. എന്നാൽ സുപ്രീം കോടതി പൾസർ സുനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

ജാമ്യം തേടി 10 തവണയാണ് സുനി മേൽക്കോടതിയെ സമീപിച്ചത്. ആറ് തവണ ഹൈക്കോടതിയിലും 4 തവണ സുപ്രീം കോടതിയിലും ഹർജി നൽകി. ഈ സമയത്തെല്ലാം സുനിക്ക് വേണ്ടി ഹാജരായത് പ്രമുഖരായ അഭിഭാഷകരായിരുന്നു. പിന്നിൽ വമ്പൻമാരുണ്ടെന്ന സംശയം നേരത്തേ തന്നെ ഹൈക്കോടതി പങ്കുവെച്ചിരുന്നു. ജയിലിലെ അടുക്കളയിൽ വെറും 63 രൂപയ്ക്ക് ജോലി ചെയ്യുന്ന സുനിക്ക് എങ്ങനെയാണ് ഇത്രയും പണം ചെലവാക്കാൻ കഴിയുന്നത്? ഇതിന് പിന്നിലാരാണ്? എന്നെല്ലാം സോഷ്യൽ മീഡിയയിലും ചർച്ചയായിരുന്നു.

പുറത്തെത്തിയ പൾസർ സുനിയെ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രതിനിധികൾ പൂമാലയിട്ടാണ് സ്വീകരിച്ചത്. മുദ്രാവാക്യം വിളിക്കുകയും പൂക്കൾ വിതറുകയും ചെയ്തു. എന്നാൽ പുറത്തിറങ്ങിയ സുനി ആരോടും പ്രതികരിക്കാൻ നിൽക്കാതെ കാറിൽ കയറി പോയി. പൾസർ സുനിയെ ഏഴരവർഷമായി വിചാരണ തടവുകാരനായി ജയിലിലിട്ടത് അന്യായമാണെന്ന് ആണ് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രതിനിധകൾ പറഞ്ഞത്.

2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ഷൂട്ടിങ്ങിനുശേഷം തിരികെ വരികയായിരുന്ന നടിയുടെ കാറിനു പിന്നിൽ വാഹനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ചു കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് കേസ്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.

അതേസമയം, പൾസർ സുനി മുൻപും നടിമാരെ ആക്രമിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായി അടുത്തിടെ മുൻ ഡിജിപി ആർ ശ്രീലേഖ ആരോപണം ഉയർത്തിയിരുന്നു. പലരും തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഭയം കൊണ്ടാണ് പലരും കേസുമായി മുന്നോട്ട് പോകാതിരുന്നതെന്നുമായിരുന്നു ശ്രീലേഖ പറഞ്ഞത്. എന്നാൽ കാശുള്ളവർ പറയുന്നത് കേൾക്കാൻ ഇവിടെ പലരും കാണും എന്നായിരുന്ന ശ്രീലേഖയുടെ ആരോപണത്തോട് അന്ന് സുനി പ്രതികരിച്ചത്. സുനിയുടെ അമ്മ ശോഭന ജയിലിൽ കാണാൻ എത്തിയപ്പോഴായിരുന്നു ശ്രീലേഖയുടെ പരാമർശത്തോട് സുനി ഇത്തരത്തിൽ പ്രതികരിച്ചത്.

Vijayasree Vijayasree :