നടി രംഭയുടെ ഭര്‍ത്താവ് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

നിരവധി ആരാധകരുള്ള ഗായകനാണ് ഹരിഹരന്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സംഗീത പരിപാടിയ്ക്കിടെ നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രാത്രി ശ്രീലങ്കയിലെ ജഫ്‌ന കോര്‍ട്ട്യാര്‍ഡില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം.

പരിപാടി ആരംഭിക്കുന്നതിന് മുന്നോടിയായി ആളുകള്‍ എല്ലാവരും വേദിയിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്നതിനിടെ തിക്കും തിരക്കും ഉണ്ടായതാണ് അപകട കാരണമെന്നാണ് വിവരം.

തമന്ന, രംഭ, യോഗി ബാബു, ശ്വേതാ മേനോന്‍, ബാല, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി നിരവധി താരങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. നടി രംഭയുടെ ഭര്‍ത്താവ് ഇന്ദ്രനാണ് പരിപാടി സംഘടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

പോലീസ് നിയന്ത്രണത്തിലായിരുന്നു ആരംഭം മുതല്‍ ആളുകളെ വേദിയിലേക്ക് കടത്തിവിട്ടത്. എന്നാല്‍ തിരക്കേറിയതോടെ ജനങ്ങള്‍ ബാരിക്കേടുകള്‍ തകര്‍ത്ത് വേദിക്ക് അകത്തേക്ക് കടക്കുകയായിരുന്നു. ഇതോടെ വേദിയില്‍ സംഘര്‍ഷാവസ്ഥയായി.

ഷോയുടെ സംഘത്തിലുള്ളവര്‍ക്കും പരിക്കേറ്റു. താരങ്ങള്‍ വേദിയിലെത്തി അപേക്ഷിച്ചിട്ടും പ്രശ്‌നം ശാന്തമായില്ല. ഒടുവില്‍ കൂടുതല്‍ പോലീസ് എത്തി ജനങ്ങളെ തടയുകയായിരുന്നു.

ഡിസംബറില്‍ നടത്താനിരുന്ന പരിപാടി ശ്രീലങ്കയിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ വീണ്ടും പ്രശ്‌നമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തി വയ്ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം എആര്‍ റഹ്മാന്‍ നടത്തിയ പരിപാടിയിലും സമാനമായ സംഭവം നടന്നിരുന്നു.

Vijayasree Vijayasree :