സർഫിറയുടെ പരാജയം കാണുമ്പോൾ ഹൃദയം തകരുന്നു; ചിത്രത്തിന്റെ നിർമാതാവ്

നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാർ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ പുതിയ ചിത്രം ‘സർഫിര’ പുറത്തെത്തിയത്. എന്നാൽ തിയേറ്ററുകളിൽ പരാജയമായിക്കൊണ്ടിരിക്കുകയാണ് ചിത്രം.

ഇപ്പോഴിതാ സർഫിറയുടെ പരാജയത്തിൽ ഹൃദയം തകരുന്നുവെന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമാതാവ് മഹാവീർ ജെയൻ. നല്ല സിനിമകൾക്ക് അർഹമായ വിജയം ലഭിക്കുമെന്നായിരുന്നു എന്റെ ധാരണ. പക്ഷേ സർഫിറാ ബോക്‌സ് ഓഫീസിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാത്തത് കാണുമ്പോൾ ഹൃദയം തകരുന്നു.

സിനിമ കണ്ടവർക്കെല്ലാം നല്ല അഭിപ്രായമാണ്. അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്ന് ഞാൻ വിശ്വസിക്കുന്നു. സർഫിറാ വിജയം അർഹിക്കുന്ന ഒരു ചിത്രമാണ് എന്നും മഹാവീർ ജെയ്ൻ പറഞ്ഞു.

നിരവധി ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ സുധ കൊങ്കര ചിത്രം സൂരരൈ പോട്രുവിന്റെ ഹിന്ദി റീമേക്കാണ് സർഫിര. ചിത്രത്തിൽ പരേഷ് റാവൽ, രാധിക മദൻ, സീമ ബിശ്വാസ് എന്നിവർക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തിൽ എത്തുന്നുണ്ട്. അബണ്ഡൻഷ്യ എന്റർടെയ്ൻമെന്റ്, 2ഡി എന്റർടെയ്ൻമെന്റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

100 കോടിക്ക് അടുത്ത് ബജറ്റിൽ ഒരുക്കിയ ചിത്രം, ഓപ്പണിങ് ദിനത്തിൽ 2 കോടി രൂപ മാത്രമാണ് ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്നും നേടാനായിട്ടുള്ളത്. കഴിഞ്ഞ 15 വർഷത്തിനിടെ ഒരു അക്ഷയ് കുമാർ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം ഓപ്പണിങ് കളക്ഷനാണിത്.

എയർ ഡെക്കാൺ എന്ന ആഭ്യന്തര വിമാന സർവീസിന്റെ സ്ഥാപകൻ ജി.ആർ. ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയായിരുന്നു ഇത്. ജി.ആർ. ഗോപിനാഥ് എഴുതിയ സിംപ്ലി ഫ്ളൈ – എ ഡെക്കാൺ ഒഡീസി എന്ന പുസ്തകത്തെ ആധാരമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. ഒ.ടി.ടി റിലീസായാണ് എത്തിയതെങ്കിലും സൂരറൈ പോട്രിന് ലഭിച്ച ജനപ്രീതിയാണ് ഹിന്ദിയിൽ റീമേക്ക് ചെയ്യാൻ കാരണമായത്.

സർഫിരയ്ക്ക് മുമ്പ് തിയേറ്ററിലെത്തിയ ‘ബഡേ മിയാൻ ഛോട്ടെ മിയാൻ’ വൻ പരാജയമായി മാറിയിരുന്നു. 350 കോടി മുതൽ മുടക്കിൽ എത്തിയ ചിത്രം ആദ്യ ദിനം 16 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. 59 കോടി രൂപ മാത്രമാണ് സിനിമയുടെ ആജീവനാന്ത കളക്ഷൻ.

Vijayasree Vijayasree :