തമിഴ് നടന്‍ സിമ്പുവിനെതിരെ പരാതിയുമായി നിര്‍മ്മാതാവ് ഇഷാരി കെ ഗണേഷ്. കൊറോണ കുമാര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മൂലമാണ് നിര്‍മ്മാതാവ് നടനെതിരെ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന് പരാതി നല്‍കിയത്.
സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് സിമ്പു മുന്‍കൂര്‍ പണം കൈപ്പറ്റുകയും പിന്നീട് സിനിമയില്‍ നിന്ന് പിന്മാറിയെന്നുമാണ് ഇഷാരി കെ ഗണേഷ് ആരോപിക്കുന്നത്.
മുന്‍കൂറായി പണം തിരികെ നല്‍കുന്നതുവരെയോ അതേ പ്രൊഡക്ഷന്‍ ബാനറില്‍ പുതിയ സിനിമ ചെയ്യുന്നതുവരെയോ സിമ്പു മറ്റ് സിനിമാ പ്രോജക്ടുകളില്‍ അഭിനയിക്കുന്നത് തടയണം എന്ന് പരാതിയില്‍ പറയുന്നു. ഏറെ നാളുകളായി ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്.
അതേസമയം കമല്‍ഹാസന്‍ നായകനാകുന്ന മണിരത്‌നം ചിത്രം തഗ് ലൈഫിലാണ് സിമ്പു ഇപ്പോള്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറിയതിനു പിന്നാലെയാണ് സിമ്പു സിനിമയുടെ ഭാഗമായത്. നിലവില്‍ ഡല്‍ഹിയില്‍ തഗ് ലൈഫിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.