മരട് ഫ്ലാറ്റ് പൊളിക്കലിൽ എന്റെ ക്ലൈമാക്സ് ഇങ്ങനെയായിരിക്കും : പ്രിയദർശൻ…

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ നാല് ഫ്‌ളാറ്റുകളും നിലം പൊത്തിയതോടെ മരടിലെ ഫ്ലാറ്റ് പൊളിക്കല്‍ സിനിമയാകുന്നുവെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു .മരട് വിഷയം പ്രമേയമാക്കി കണ്ണന്‍ താമരക്കുളം മരട് 357 എന്ന സിനിമ സംവിധാനം ചെയ്യുമ്ബോള്‍ സംവിധായകന്‍ ബ്ലെസി ഡോക്യുമെന്ററി ഒരുക്കുകയാണ്.

മരടിലെ ഫ്ലാറ്റ് പൊളിക്കൽ സിനിമയായിരുന്നുവെങ്കിൽ അതിന്റെ ക്ലൈമാക്സ് ഇങ്ങനെയാകില്ലെന്ന് സംവിധായകൻ പ്രിയദർശൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയദർശൻ പറഞ്ഞിരിക്കുന്നത്

ഫ്ലാറ്റ് നിർമിക്കാൻ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിനു കൂട്ടുനിന്ന നേതാക്കളെയും അതേ ഫ്ലാറ്റിലെവിടെയെങ്കിലും കെട്ടിയിട്ട ശേഷം ഫ്ലാറ്റ് തകർക്കുമെന്നാണ് കുറിപ്പിൽ പറയുന്നത്

പ്രിയദർശന്റെ വാക്കുകൾ

മരടിലെ ഫ്ലാറ്റ് പൊളിക്കൽ സിനിമയായിരുന്നുവെങ്കിൽ അതിന്റെ ക്ലൈമാക്സിൽ ചെറിയൊരു വ്യത്യാസം വരുമായിരുന്നു. ഫ്ലാറ്റ് നിർമിക്കാൻ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിനു കൂട്ടുനിന്ന നേതാക്കളെയും അതേ ഫ്ലാറ്റിലെവിടെയെങ്കിലും കെട്ടിയിട്ട ശേഷം ഫ്ലാറ്റ് തകർക്കുന്നു.

ഞാൻ സംവിധാനം ചെയ്ത മിഥുനമെന്ന ചിത്രത്തിലൊരു സീനുണ്ട്. എല്ലാറ്റിനും എതിരെ നിൽക്കുന്ന സാമൂഹിക ദ്രോഹികളായ ഉദ്യോഗസ്ഥരെ തന്റെ കമ്പനിയിൽ കെട്ടിയിട്ടു തീ കൊളുത്തുമെന്നു മോഹൻലാൽ പറയുന്ന സീൻ. മരടിനെക്കുറിച്ചു പറഞ്ഞതും അതിന്റെ വേറെയൊരു പതിപ്പാണ്.

എല്ലാ രേഖകളും പരിശോധിച്ചു ബാങ്കുകളും നഗരസഭയും അനുമതി നൽകിയ ഫ്ലാറ്റുകളാണു താമസക്കാർ വാങ്ങിയത്. അല്ലാതെ അവരാരും വ്യാജ രേഖയുണ്ടാക്കിയ ഫ്ലാറ്റു കെട്ടി ഉയർത്തിയതല്ല.

ഉദ്യോഗസ്ഥരും നിർമാതാക്കളും നൽകിയതു വ്യാജ രേഖയാണെന്നു അവർക്കു എവിടെ നോക്കിയാലാണു കണ്ടെത്താനാകുക. സ്വന്തം നാട്ടിൽ ഉയരുന്നതു നിയമം ലംഘിച്ച കെട്ടിടമാണെന്നു മനസ്സിലാകാത്ത എംഎൽഎയും വാർഡു മെമ്പറുമുണ്ടാകുമോ.

ഉയരുന്നതു കാണുമ്പോഴെങ്കിലും അവർ നോക്കേണ്ടതല്ലേ. അതുകൊണ്ടുതന്നെ മരട് സിനിമയായിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്ന ക്ലൈമാക്സു തന്നെ ശരിക്കും അവിടെ ഉണ്ടാകേണ്ടതാണെന്നു ആരെങ്കിലും ആഗ്രഹിച്ചാൽ തെറ്റു പറയാനാകില്ല. ജനാധിപത്യ രാജ്യത്തിൽ അതു നടക്കുമോ എന്നതു വേറെകാര്യം. ഇതിനു സഹായിച്ച ഉദ്യോഗസ്ഥർ വർഷങ്ങൾ നീണ്ട കേസിനു ശേഷം അകത്തു പോയേക്കും.

priyadarshan

Noora T Noora T :