കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ പുറത്തെത്തിയത്. എന്നാൽ ചിത്രത്തിന്റെ റിലീസിന് പിന്നാലെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്നും പലയിടത്ത് നിന്നുമായും ഉയർന്ന് വരുന്നത്. പൃഥ്വിരാജിനെതിരെയാണ് കടുത്ത വിമർശനങ്ങൾ ഉയർന്ന് വരുന്നത്.
ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ 17 ഭാഗങ്ങൾ വെട്ടിമാറ്റിയതിന് ശേഷമുള്ള എഡിറ്റഡ് വേർഷൻ ആണ് ഇപ്പോൾ തിയേറ്ററുകളിലെത്തിയിരിക്കുന്നത്. പൃഥ്വിരാജിനെതിരെയാണ് കടുത്ത വിമർശനങ്ങൾ ഉയർന്ന് വന്നതിന് പിന്നാലെ നടന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരിക്കുകയാണ്.
ഇമെയിൽ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വരുമാനത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ നേരിട്ടോ അല്ലാതെയോ ആദായ നികുതി വകുപ്പിന് കൈമാറണമെന്നാണ് നിർദേശം. മാർച്ച് 29-നാണ് കൊച്ചി ആദായ വകുപ്പ് ഓഫീസിൽ നിന്ന് പൃഥ്വിരാജിന് നോട്ടീസ് പോയത്. കടുവ, ജനഗണമന, ഗോൾഡ് സിനിമകളുടെ പ്രതിഫലം സംബന്ധിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഈ സിനിമകളിൽ അഭിനേതാവ് എന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാൽ പാതി നിർമാതാവ് എന്ന നിലയിൽ 40 കോടിയോളം രൂപ പൃഥ്വിരാജ് വാങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഭിനേതാവ് എന്ന നിലയിൽ പണം വാങ്ങുമ്പോൾ നികുതിയായി കൂടുതൽ തുക അടയ്‌ക്കേണ്ടി വരും.
എന്നാൽ കോ പ്രൊഡ്യൂസറായി വരുമ്പാേൾ അതിന്റെ നികുതി തുക കുറവാണ്. ഇതുമായി ബന്ധപ്പെട്ടാണ് വിശദീകരണം നൽകേണ്ടത്. വരുമാനവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനകം വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നുണ്ട്. എന്നാൽ ഇത് സ്വാഭാവിക നടപടിയാണെന്നും എമ്പുരാൻ വിവാദവുമായി ബന്ധമില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു.