പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പുരസ്കാരമായിരുന്നു ഇന്ന് പൃഥ്വിരാജിന് ലഭിച്ചത്. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് പുരസ്കാരം ലഭിക്കുമെന്ന് ഏറെ കുറേ ഉറപ്പായിരുന്നുവെങ്കിലും അവസാന ഘട്ടം വരെ മമ്മൂട്ടി മത്സര്തതിൽ മുന്നിട്ട് നിന്നിരുന്നു. ഇപ്പോഴിതാ പുരസ്കാരം നേടിയ ശേഷം അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ആടുജീവിതത്തിൽ പ്രവർത്തിച്ച ആർക്ക് എന്ത് അംഗീകാരം കിട്ടിയാലും ആ സിനിമയിലെ ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. ആ സിനിമ സൃഷ്ടിക്കപ്പെട്ട സാഹചര്യം അങ്ങനെയായിരുന്നു. വലിയ കാലയളവാണ് അത്. വർഷങ്ങളോളം ഒരു ടീം ഒറ്റമനസ്സോടെ ഒരു സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ആടുജീവിതം തിയേറ്ററിൽ എത്തിയത്.
ഭംഗിവാക്കല്ല. വലിയ ഗ്രൂപ്പിന്റെ വലിയ പ്രയത്‌നം സിനിമയ്ക്ക് പിന്നിലുണ്ട്. വലിയ സന്തോഷം, വലിയ അഭിമാനം. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരിൽ നിന്നും പിന്തുണ ലഭിച്ചതിന് ശേഷമാണ് ഈ സന്തോഷം എന്നത് ഇരട്ടിമധുരമാണ്. അഭിമാനം തോന്നുന്ന നിമിഷമാണിത്. ആടുജീവിതത്തിന്റെ പൂർണ്ണ ക്രെഡിറ്റ് ബ്ലെസി ചേട്ടനാണ്.
സിനിമയ്ക്ക് വേണ്ടി അനുഭവിച്ച വേദനയും തടസ്സങ്ങളും കൗതുകം പോലെ പറയാം എന്നതേയുള്ളൂ. ഒരു സിനിമ വിലയിരുത്തപ്പെടുന്നത് സ്‌ക്രീനിൽ കാണുമ്പോഴുള്ള നിലവാരത്തിലാണ്. സിനിമയുടെ വൈകാരികത കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ബ്ലെസിക്ക് സാധിച്ചു. ഞങ്ങൾ അനുഭവിച്ചിട്ടുള്ള സങ്കീർണ്ണമായ മുഹൂർത്തങ്ങൾ ഇന്ന് വളരെ സ്വകാര്യതയിൽ മനസ്സിൽ വരും.
മമ്മൂക്കയുമായി മത്സരിച്ചുവെന്ന് പറയുന്നത് കേൾക്കുമ്പോൾ തമാശയാണ് തോന്നുന്നത്. അദ്ദേഹവുമായി മത്സരിക്കുകയെന്നത് വലിയ കോമഡിയാണ്. അദ്ദേഹത്തിന്റെ പ്രകടനം കണ്ടുവളർന്നാണ് സിനിമാ താൽപര്യം പോലും തോന്നുന്നത്. ഇന്നും മലയാളത്തിലെ ഗോൾഡ് സ്റ്റാൻഡേർഡ് എന്നത് മമ്മൂക്കയും ലാലേട്ടനുമാണ്.
ജൂറിക്ക് ഈ സിനിമയ്ക്കാണ് അവാർഡ് കൊടുക്കേണ്ടത് എന്ന വിലയിരുത്തലെന്നല്ലാതെ മമ്മൂക്കയുമായൊരു മത്സരം ഒരിക്കലും നടക്കാൻ പോകുന്നില്ല. കാതലിലെ അദ്ദേഹത്തിന്റെ പെർഫോമൻസ് ഔട്ട്‌സറ്റാൻഡിംഗ് ആണ്. എനിക്കൊക്കെ വലിയ പ്രതീക്ഷയാണ് മമ്മൂക്ക. അദ്ദേഹം ക്രിയേറ്റ് ചെയ്ത ലെഗസിയുടെ ഒരു ഭാഗത്ത് എത്താൻ മാത്രമെ ഞങ്ങൾ ആഗ്രഹിക്കാൻ കഴിയൂവെന്നും പൃഥ്വിരാജ് പറഞ്ഞു.
അതേസമയം, മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച അവലംബിത തിരക്കഥ ഉൾപ്പടെയുള്ള പുരസ്‌കാരങ്ങളാണ് ആടുജീവിതം നേടിയത്. തിയേറ്ററുകളിൽ നൂറു കോടിയും കടന്ന് മുന്നേറിയ ചിത്രം ബെന്യാമിന്റെ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ്.