തീയറ്ററിൽ നിറഞ്ഞോടി ലൂസിഫർ ; മിനിസ്‌ക്രീനിൽ നിറഞ്ഞോടാൻ തയാറായി അടുത്ത നായക ചിത്രം

സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് പൃഥ്വിരാജ് മുന്നേറുന്നത്. തുടക്കത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നുവെങ്കിലും അവയെ ഒക്കെ അതിജീവിക്കാനായി അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നടനില്‍ നിന്നും ഗായകനിലേക്കും നിര്‍മ്മാതാവിലേക്കും ചുവട് വെച്ചതിന് പിന്നാലെയായാണ് സംവിധാനമെന്ന കടമ്ബയും പൃഥ്‌വി പൂര്‍ത്തിയാക്കിയത്.

ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിനെക്കുറിച്ചും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കുന്നതുമായി ബന്ധപ്പെട്ടുമൊക്കെ വന്‍വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. ട്രോളര്‍മാരുടെ സ്വന്തം താരം കൂടിയാണ് അദ്ദേഹം. രസകരമായ തരത്തിലുള്ള ട്രോളുകള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്താറുണ്ട്. തനിക്കെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെക്കുറിച്ചും അദ്ദേഹം കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്.

മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും പ്രധാന കഥാപാത്രങ്ങളായൊരുക്കിയ ലൂസിഫറിന് ആദ്യദിനം മുതല്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് ചിത്രത്തിന്റെ കുതിപ്പ്. കലക്ഷനിലും പ്രദര്‍ശനത്തിലുമെല്ലാം റെക്കോര്‍ഡുകള്‍ നേടി ജൈത്രയാത്ര തുടരുകയാണ് ലൂസിഫര്‍. എല്ലാതരത്തിലുള്ള പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്ന പ്രിത്വിരാജിന്റെ വാക്ക് അതേ പോലെ പ്രാവര്‍ത്തികമാവുകയായിരുന്നു. മുരളി ഗോപി തിരക്കഥയൊരുക്കിയ സിനിമ നിര്‍മ്മിച്ചത് ആന്റണി പെരുമ്ബാവൂരാണ്. സംവിധാനം ചെയ്ത സിനിമ വിജയകരമായി മുന്നേറുന്നതിനിടയിലാണ് പൃഥ്വിരാജ് നായകനായെത്തിയ രണം മിനിസ്‌ക്രീനിലേക്കെത്തുന്നത്.

നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്ത രണം എന്ന സിനിമയ്ക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. 2018 സെപ്റ്റംബറിലായിരുന്നു ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഹോളിവുഡ് സിനിമയോട് കിടപിടിക്കുന്ന തരത്തിലുള്ള ദൃശ്യ ഭംഗിയും ആക്ഷനുമായിരുന്നു രണത്തെ വ്യത്യസ്തമാക്കിയത്.പൃഥ്വിരാജ്, ഇഷ തല്‍വാര്‍, നന്ദു, റഹ്മാന്‍ തുടങ്ങിയവര്‍ അണിനിരന്ന രണം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

prithviraj movie ranam on miniscreen

Abhishek G S :