ഇരുപതാം വയസിൽ മലയാള സിനിമയിൽ അരങ്ങേറിയ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയിൽ കൈവെയ്ക്കാത്ത മേഖലകളില്ല.
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്.
നടന്റെ സംവിധാനത്തിലെത്തിയ ലൂസിഫര്‍ എന്ന ബ്ലോക് ബസ്റ്റര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാനാണ് അടുത്ത ചിത്രം. കഴിഞ്ഞ ദിവസമാണ് എമ്പുരാന്റെ ടീസര്‍ പുറത്തുവിട്ടത്. ഇപ്പോഴിതാ ടീസര്‍ ലോഞ്ചിനിടെ എമ്പുരാനെ കുറിച്ചും പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
അഭിനേതാക്കളില്‍ നിന്ന് വേണ്ടത് എടുക്കാന്‍ കഴിയുന്ന ക്രൂരനായ സംവിധായകനാണ് പൃഥ്വിരാജെന്നും സിനിമയിലെ അഭിനേതാക്കള്‍ നന്നാകാന്‍ കാരണം സംവിധായകനാണ് എന്നാണ് തന്റെ അഭിപ്രായമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിച്ച് പുതിയ ദൃശ്യാനുഭവം സമ്മാനിക്കാന്‍ പൃഥ്വിരാജിന് കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രമല്ല എപ്പോഴും താൻ തന്റെ സംവിധായകരെ വിശ്വസിക്കുന്നെന്നും അഭിനേതാവ് എന്ന നിലയില്‍ പൃഥ്വി എന്ന സംവിധായകനില്‍ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും മോഹൻലാൽ വാചാലനായി പറഞ്ഞു. മാത്രമല്ല എമ്പുരാന്‍ ഒരുപാട് കഷ്ടപ്പാട് സഹിച്ച് ഷൂട്ട് ചെയ്ത സിനിമയാണെന്നും പൃഥ്വിരാജിന്റെ 100 ശതമാനവും ആ സിനിമയ്ക്കായി നല്‍കിയിട്ടുണ്ടെന്നും പൃഥ്വി ഇന്ത്യയിലെ മികച്ച സംവിധായകരിലൊരാളാകുമെന്നും മോഹൻലാൽ വ്യക്തമാക്കി.