ആടുജീവിതം ഒരിക്കൽമാത്രം സംഭവിക്കുന്ന അദ്‌ഭുതം, ആടുജീവിതം സിനിമയാക്കാനുള്ള ബ്ലെസിയുടെ തപസ്സ്‌ സിനിമയ്ക്കകത്തും പുറത്തും വരുംതലമുറയ്ക്ക് ഒരു പാഠം; പൃഥ്വിരാജ്

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും നടന് ലഭിച്ചിരുന്നു. ഇപ്പോഴിതാ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ആടുജീവിതം ഒരിക്കൽമാത്രം സംഭവിക്കുന്ന അദ്‌ഭുതമാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒരു സിനിമയ്ക്ക് വലിയ ജനപ്രീതിയും അതിനൊപ്പം അംഗീകാരവും ലഭിക്കുന്നതു വിരളമാണ്. സംവിധായകൻ ബ്ലെസിയോടു നന്ദി പറയുന്നു. ആടുജീവിതം സിനിമയാക്കാനുള്ള അദ്ദേഹത്തിന്റെ തപസ്സ്‌ സിനിമയ്ക്കകത്തും പുറത്തും വരുംതലമുറയ്ക്ക് ഒരു പാഠമാണ്.

മൂന്നാമത്തെ തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്. ജെ.സി. ഡാനിയേലായി അഭിനയിച്ചതിനാണ് മുൻപ് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ജെ.സി. ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഷാജി എൻ. കരുണിനു സമ്മാനിച്ച ദിവസംതന്നെ സംസ്ഥാന പുരസ്‌കാരം ലഭിച്ചത് യാദൃച്ഛികതയായി. പുരസ്‌കാരത്തിന് അർഹനാക്കിയ ജൂറിക്കും പ്രേക്ഷകർക്കും മലയാളസിനിമയ്ക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

ബെന്യാമിന്റെ അവാർഡ് വിന്നിങ്ങ് നോവലായ ‘ആടുജീവിതം’ത്തെ ആസ്പദമാക്കി ചിത്രം ബ്ലെസി എന്ന ചലച്ചിത്രകാരന്റേയും പൃഥ്വിരാജ് എന്ന നടന്റെയും 10 വർഷത്തെ കഠിനാധ്വാനമാണ് ചിത്രം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി പ്രേക്ഷകരിലെത്തിയ ചിത്രം അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ചർച്ചയായിരുന്നു.

2018 മാർച്ചിൽ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടർന്ന് ജോർദാൻ, അൾജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയിൽ കോവിഡ് കാലത്ത് സംഘം ജോർദാനിൽ കുടങ്ങുകയും ചെയ്തിരുന്നു. എ.ആർ. റഹ്‌മാനാണ് ചിത്രത്തിന്റെ സം​ഗീതം. അമല പോൾ ആയിരുന്നു നായിക.

Vijayasree Vijayasree :