ഇന്ന് എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന, ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസക്കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘അമിതാഭ് ബച്ചന് സന്തോഷകരമായ 80ാം ജന്മദിനാശംസകള്‍. തലമുറകളിലുടനീളം പ്രേക്ഷകരെ ആവേശഭരിതരാക്കുകയും രസിപ്പിക്കുകയും ചെയ്ത ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്ര വ്യക്തിത്വങ്ങളിലൊന്നാണ് അദ്ദേഹം. അദ്ദേഹം ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ.’ എന്നാണ് പ്രധാനമന്ത്രി കുറിച്ചത്.
ചലച്ചിത്ര മേഖലയിലെ മാത്രമല്ല, സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് ബച്ചന് ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്.
അരനൂറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമ അടക്കിവാഴുകയാണ് ആരാധകരുടെ ‘ ബിഗ് ബി ‘ അമിതാഭ് ബച്ചന്‍. വെല്ലുവിളികളെ എല്ലാം ചിരിച്ച മുഖവുമായി നേരിട്ട് ഇന്ത്യന്‍ സിനിമയില്‍ ഇന്ന് തനിക്കായി ഒരിടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. സിനിമ, ടെലിവിഷന്‍ തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹം വ്യക്തി മുദ്ര പതിച്ചു.
1969ല്‍ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത ‘സാത്ത് ഹിന്ദുസ്ഥാനി’ എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബി സിനിമാരംഗത്തെത്തിയത്. ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്‌കാരം ബച്ചനു നേടിക്കൊടുത്തു.
എന്നാല്‍ ബോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധേയനായത് ‘രേഷ്മ ഓര്‍ ഷേറ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് . 1997ല്‍ അമിതാബ് ബച്ചന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്കായി എ ബി സി എല്‍ എന്ന കമ്പനി ആരംഭിച്ചെങ്കിലും അത് വന്‍ സാമ്പത്തികബാദ്ധ്യതയാണുണ്ടാക്കിയത്. എന്നാല്‍ പരാജയത്തില്‍ തളരാതെ വീണ്ടും അദ്ദേഹം നടത്തിയത് വലിയ ഒരു തിരിച്ച് വരവ് ആയിരുന്നു.