വമ്പന്‍ താരങ്ങളില്ലാതെ തിയേറ്ററില്‍ വിജയക്കൊടി പാറിച്ച് മലയാള സിനിമയെ വാനോളം ഉയര്‍ത്തിയ ചിത്രമാണ് പ്രേമലു. പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിയ ചിത്രത്തെ പ്രശംസിച്ച് നിരവധി പ്രമുഖരാണ് എത്തിയിരുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് സ്വന്തമാക്കിയിരിക്കുന്നത് സംവിധായകന്‍ രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയനാണ്.
ചെറിയ ബജറ്റിലൊരുങ്ങിയ ഒരു മലയാള ചിത്രത്തിന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച അംഗീകാരങ്ങളാണ് പ്രേമലുവിന് ലഭിച്ചത്. പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ ഗിരീഷ് എ ഡി അറിയിച്ചിരുന്നു.
ഇപ്പോഴിതാ പ്രേമലു തിരക്കഥ പുസ്തകമായി വിപണിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. മാന്‍കൈന്‍ഡ് പുബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കുന്നത്. ചിത്രത്തില്‍ നിന്ന് നീക്കം ചെയ്ത സീനുകളും സംഭാഷണങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തും.
ജൂണ്‍ അഞ്ചു മുതല്‍ ലഭ്യമാക്കുകയും ചെയ്യും. ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് ഈ കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.
നസ്ലിനും മമിതാ ബൈജുവുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം ആഗോളവതലത്തില്‍ 100 കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കിയിരുന്നു.