നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രീതി സിന്റ. ഇപ്പോഴിതാ ‘എക്‌സി’ൽ തനിക്കെതിരേ കേരള കോൺഗ്രസ് ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി(കെ.പി.സി.സി.)യുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പോസ്റ്റിനെതിരെയാണ് നടി വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസങ്ങളിൽ ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്കിനെതിരേ റിസർവ് ബാങ്ക് സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തിൽ, പ്രീതി സിന്റ തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ ബി.ജെ.പി.യ്ക്ക് കൈമാറിയെന്നും തുടർന്ന് നടിയുടെ 18 കോടിയുടെ വായ്പ ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്ക് എഴുതിത്തള്ളിയെന്നുമായിരുന്നു കെ.പി.സി.സി.യുടെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നത്.
എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട നടി, കോൺഗ്രസ് വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്നും തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നത് താൻ തന്നെയാണെന്നും പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടി ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ലജ്ജ തോന്നുകയാണ്.
എന്റെ ചിത്രവും പേരും ഉപയോഗിച്ച് ഇത്തരം മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കണ്ട് ഞാൻ ഞെട്ടിയിരിക്കുകയാണ്. ബാങ്കിൽ നിന്ന് ഞാൻ വായ്പ എടുത്തുവെന്നുള്ള കാര്യം സത്യം തന്നെയാണ്. എന്നാൽ ഞാനെടുത്ത വായ്പ പത്തുവർഷം മുൻപ് തന്നെ മുഴുവനായി അടച്ചുതീർത്തതുമാണ് എന്നും നടി പറഞ്ഞു.
പിന്നാലെ മറുപടിയുമായി കോൺഗ്രസും രംഗത്തെത്തി. മാധ്യമവാർത്ത മാത്രമാണ് തങ്ങൾ നേരത്തെ പങ്കുവെച്ചതെന്നും വായ്പ സംബന്ധിച്ചുള്ള വിഷയത്തിൽ വിശദീകരണം നൽകിയതിന് നന്ദിയുണ്ടെന്നും തങ്ങൾക്ക് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കുന്നതായും കോൺഗ്രസ് എക്‌സിൽ കുറിച്ചു.
മാത്രമല്ല, നിങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ കൈകാര്യംചെയ്യുന്നത് നിങ്ങൾ തന്നെയാണ് എന്നറിഞ്ഞതിലും മറ്റു സെലിബ്രറ്റികളെപ്പോലെ കുപ്രസിദ്ധമായ ഐ.ടി. സെല്ലിന് സാമൂഹികമാധ്യമ അക്കൗണ്ട് കൈമാറാതിരുന്നതിനും സന്തോഷമുണ്ടെന്നുെ കോൺഗ്രസ് വ്യക്തമാക്കുന്നു.