രഞ്ജിത്തിന്റെ രാജി; ചലച്ചിത്ര അക്കാ​ദമി ചെയർമാന്റെ താത്ക്കാലിക ചുമതല ഏറ്റെടുത്ത് നടൻ പ്രേംകുമാർ

ബം​ഗാളി നടിയുടെ പീ ഡനാരോപണത്തിന് പിന്നാലെ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാ​ദമി ചെയർമാൻ സ്ഥാനം രാജി വെച്ചതോടെ ചലച്ചിത്ര അക്കാ​ദമി ചെയർമാന്റെ താത്ക്കാലിക ചുമതല ഏറ്റെടുത്ത് നടൻ പ്രേംകുമാർ. നിലവിലെ അക്കാദമി വൈസ് ചെയർമാൻ കൂടിയാണ് പ്രേം കുമാർ. രഞ്ജിത്ത് രാജിവെച്ച ഒഴിവിലേക്ക് സംവിധായകൻ ഷാജി എൻ. കരുണിന്റെ പേര് അക്കാദമി പരിഗണിച്ചിരുന്നു.

എന്നാൽ ബീന പോളിനെ ചെയർപേഴ്സൺ ആക്കണമെന്ന ആവശ്യവുമായി ഡബ്ല്യൂ.സി.സി രം​ഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയർമാന്റെ താൽക്കാലിക ചുമതല നൽകിയത്. ഇത് ആദ്യമായി ആണ് സംവിധായകൻ അല്ലാത്ത ഒരാൾ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തേക്ക് വരുന്നത്.

2022 ൽ ബീനാ പോൾ സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് പ്രേംകുമാർ വൈസ് ചെയർമാനായി സ്ഥാനം ഏറ്റെടുത്തത്. അതേസമയം, ആരോപണം ഉയർന്നപ്പോൾ രേഖാമൂലം പരാതിയുണ്ടെങ്കിൽ മാത്രമേ നടപടി സാധ്യമാകൂ എന്ന നിലപാടുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ രംഗത്തുവന്നിരുന്നു.

എന്നാൽ ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് രഞ്ജിത്ത് ഒഴിയണം എന്ന അഭിപ്രായം അക്കാദമിയിൽ നിന്നും സിനിമരംഗത്ത് നിന്നും ഉയർന്നു വന്നു. തനിക്കെതിരേ ആരോപണം ഉയർന്നതോടെ സിദ്ദിഖ് അമ്മ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് രഞ്ജിത്തും രാജി വെച്ചത്.

Vijayasree Vijayasree :