കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ വിഷയം. ഇപ്പോഴിതാ വിവാദം അവസാനിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രതികരിക്കുകയാണ് സംവിധായകൻ പ്രവീൺ നാരായണൻ.
ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ’24 മണിക്കൂറിനുള്ളിൽ പുതിയ പതിപ്പ് സമർപ്പിക്കാനാണ് ശ്രമിക്കുന്നത്. നാളെ ഉച്ചയോടെ ചിത്രം നൽകാൻ കഴിയുമെന്നാണ് കരുതുന്നത്.
രണ്ട് സ്ഥലങ്ങളിൽ മ്യൂട്ട് ചെയ്യണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. കലാകാരനെന്ന നിലയിൽ അത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്നാൽ ചില കാര്യങ്ങൾ നമ്മൾ അംഗീകരിച്ചേ മതിയാകൂ. ചില സീനുകൾ ഒഴിവാക്കണമെന്ന് ആദ്യം പറഞ്ഞിരുന്നു. അത് സാധ്യമല്ലെന്ന് ഞങ്ങൾ കൃത്യമായി പറഞ്ഞു.
സെൻസർ ബോർഡ് പറഞ്ഞ കാര്യങ്ങൾ പുറത്ത് പോലും പറയാൻ പറ്റാത്ത കാര്യങ്ങളാണ്. സിനിമ ഇറക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ചിത്രം റീ സെൻസറിങ്ങിന് നൽകിക്കഴിഞ്ഞാൽ മൂന്ന് ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകണമെന്നാണ് കോടതി സെൻസർ ബോർഡിനോട് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.