നടന്‍ പ്രകാശ് രാജും ബി.ജെ.പിയിലേയ്ക്ക്?; പ്രതികരണവുമായി നടന്‍

നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ് ബിജെപിയില്‍ ചേര്‍ന്നുവെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രകാശ് രാജ്. ദി സ്‌കിന്‍ ഡോക്ടര്‍ എന്ന എക്‌സ് ഐഡിയാണ് പ്രകാശ് രാജ് ബി.െജ.പിയില്‍ ചേരുമെന്ന കുറിപ്പ് പങ്കുവച്ചത്. ‘ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നടന്‍ പ്രകാശ് രാജ് ബി.ജെ.പിയില്‍ ചേരും’ എന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടിനൊപ്പമാണ് പ്രകാശ് രാജിന്റെ മറുപടി.

‘അവര്‍ ശ്രമിച്ചുകാണും. ആശയപരമായി എന്നെ വാങ്ങാനുള്ള പണം അവരുടെ കയ്യിലില്ലെന്ന് ബോധ്യമായിട്ടുണ്ടാകും. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു സുഹൃത്തുക്കളെ’ എന്നാണ് പ്രകാശ് രാജിന്റെ പോസ്റ്റ്. ഇതിന് മറുപടിയുമായി പ്രകാശ് രാജിന്റെ ഫോളോവേഴ്‌സും രംഗത്തെത്തി. ബി.ജെ.പിയ്ക്ക് പ്രത്യശശാസ്ത്രം ഒഴിച്ച് എന്തും വാങ്ങാനാകും. ആശയപരമായി അവര്‍ പാപ്പരാണ്, നിങ്ങള്‍ കോണ്‍ഗ്രസില്‍ ചേരണം സര്‍, എന്നാണ് ഒരു ഐഡിയില്‍ നിന്നുള്ള കമന്റ്.

കുറഞ്ഞ തുകയ്ക്ക് ഇതിലും മികച്ച ചവറ്റുകൊട്ട ലഭിക്കുമെന്നതിനാല്‍ ബി.ജെ.പി ഈ പ്ലാന്‍ ഉപേക്ഷിച്ചു എന്നാണ് മറ്റൊരു വ്യക്തി കുറിക്കുന്നത്. ദി സ്‌കിന്‍ഡോക്ടറുടെ പോസ്റ്റിന് താഴെയും രസകരമായ കമന്റുകളുണ്ട്. സമയം മൂന്ന് മണി കഴിഞ്ഞല്ലോ എന്ന ചോദ്യത്തിന്, നിരവധി പ്രമുഖര്‍ ബി.ജെ.പിയില്‍ ചേരാന്‍ ഡല്‍ഹിയിലേക്ക് എത്തുന്നതിനാല്‍ ഗതാഗതകുരുക്കാണെന്നും അഞ്ചുമണിയോടെ ശുഭവാര്‍ത്ത പ്രതീക്ഷിക്കാമെന്നുമാണ് മറുപടി.

പ്രകാശ് രാജ് വേണ്ടെന്നും ഞാന്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്നത് നിര്‍ത്തുമെന്നാണ് മറ്റൊരു കമന്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഫോളോ ചെയ്യുന്ന അക്കൗണ്ടില്‍ നിന്നാണ് പ്രകാശ് രാജ് ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത വന്നത്. ബി.ജെ.പിയുടെ കടുത്ത വിമര്‍ശനകനാണ് നടന്‍ പ്രകാശ് രാജ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് പാര്‍ട്ടികള്‍ സ്ഥാനാര്‍ഥിയാക്കാന്‍ ക്ഷണിച്ചിരുന്നെന്ന് ഈയിടെ പ്രകാശ് രാജ് വെളിപ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാറിനെതിരായ കടുത്ത വിമര്‍ശകനായത് കൊണ്ടാണ് ഈ വാഗ്ദാനം. എന്റെ ആശയത്തോടുള്ളതല്ല, ഈ കെണിയില്‍ വീഴില്ലെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന പ്രകാശ് രാജ് ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹരമനുഷ്ടിച്ച സോനം വാങ്ചുങിനെ ഈയിടെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചിരുന്നു.

Vijayasree Vijayasree :