വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് പ്രകാശ് രാജ്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ ഒട്ടുമിക്ക മെയിന്‍ സ്ട്രീം സിനിമയുടെ എല്ലാ ഭാഷകളിലും ഒരുപോലെ അഭിനയ മികവ് തെളിയിച്ച അദ്ദേഹം വ്യക്തി ജീവിതത്തില്‍ തന്റെ നിലപാടുകള്‍ തുറന്നു പറയാറുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിനെയും ബിജെപിയെയും പലപ്പോഴും വിമര്‍ശിക്കാറുണ്ട് അദ്ദേഹം.
ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിലെ തന്റെ അഭിപ്രായ വ്യത്യാസം തുറന്നുപറയുകയാണ് പ്രകാശ് രാജ്. കണ്ടന്റ് കൊണ്ട് ഏറെ മെച്ചപ്പെട്ട ജയ് ഭീം പോലെയുള്ള ചിത്രത്തെ തഴഞ്ഞുകൊണ്ട് കശ്മീര്‍ ഫയല്‍സ് പോലെയുള്ള പ്രോപഗണ്ട സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കിയ നടപടി തെറ്റായിരുന്നു എന്നാണ് താരം പറയുന്നത്.
രാജ്യത്തിന്റെ ഐക്യം മുറുകെ പിടിക്കാന്‍ വേണ്ടി നല്‍കുന്ന മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരം ജയ് ഭീമിനാണോ, കശ്മീര്‍ ഫയല്‍സിനാണോ നല്‍കേണ്ടത് എന്നായിരുന്നു പ്രകാശ് രാജിന്റെ ചോദ്യം. മോദിയെ രാജാവ് (മന്നര്‍) എന്നാണ് പ്രകാശ് രാജ് വിശേഷിപ്പിച്ചത്. തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ രാജാവ് സിനിമയെ കൂട്ടുപിടിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
‘ഒരു നടന്‍ എന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയിലും വളരെയേറെ വിഷമം തോന്നിയത് കഴിഞ്ഞ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ആയിരുന്നു. മികച്ച ദേശീയോദ്ഗ്രഥന സിനിമയ്ക്കുള്ള അവാര്‍ഡ്, അതായത് രാജ്യത്തിന്റെ ഐക്യം മുറുകെ പിടിക്കുന്ന ചിത്രത്തിനുള്ള അവാര്‍ഡ് അവര്‍ കശ്മീര്‍ ഫയല്‍സിനാണ് നല്‍കിയത്’ അദ്ദേഹം പറഞ്ഞു.
‘ഭരണഘടന, സമത്വം എന്നിവയെ കുറിച്ച് പറയുന്ന ജയ് ഭീമിനെ മാറ്റി നിര്‍ത്തിയാണ് രാജാവ് ഈ പ്രോപഗണ്ട സിനിമയ്ക്ക് അവാര്‍ഡ് കൊടുത്തത്. അവര്‍ തന്നെ പൈസ മുടക്കി എടുത്തിട്ട് അവര്‍ തന്നെ അവാര്‍ഡ് കൊടുക്കുന്നത് പോലെയാണ് ഇത്.
അവര്‍ കശ്മീര്‍ ഫയല്‍സ് ചെയ്യുന്നു, മൂന്നര ലക്ഷം സ്ത്രീകള്‍ ഐഎസില്‍ ചേര്‍ന്നെന്ന് പറഞ്ഞ് കേരള സ്‌റ്റോറി ചെയ്യുന്നു. ഒടുവില്‍ വിഷയം കോടതിയില്‍ എത്തുമ്പോള്‍ തടിയൂരുന്നു’അദ്ദേഹം പരിഹസിച്ചു.
കര്‍ണാടക ഇലക്ഷന് പ്രചരണത്തിന് വേണ്ടി വന്നപ്പോള്‍ രാജാവ് പറഞ്ഞത് എല്ലാവരും കേരള സ്‌റ്റോറി കാണൂ എന്നാണ്. വികസനത്തെ കുറിച്ച് പോലും ഒരക്ഷരം സംസാരിച്ചില്ല. കേരള സ്‌റ്റോറിയുടെ പിആര്‍ വര്‍ക്ക് ഏറ്റെടുത്തത് പോലെയായിരുന്നു രാജാവിന്റെ പെരുമാറ്റം; പ്രകാശ് രാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചു.