പൂര്‍ണമായും നിരാകരിക്കാന്‍ പറ്റാത്ത തരത്തിലുളള തെളിവുകള്‍ മുന്നില്‍ വന്നാല്‍ നേരത്തെ പറഞ്ഞതോ വിചാരിച്ചതോ പോലെ അല്ലാത്ത രീതിയില്‍ കാര്യങ്ങള്‍ നീങ്ങും; പ്രകാശ് ബാരെ

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചത് നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നവര്‍ക്കെല്ലാം ആശ്വാസമായിരിക്കുകയാണ്. ദിലീപിനും ശരത്തിനും എതിരെയുളള കുറ്റങ്ങള്‍ നിലനില്‍ക്കും എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് തിരിച്ചടി അല്ലെന്നാണ് ദിലീപ് പക്ഷത്തിന്റെ വാദം. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വലിയ നേട്ടമാണ് കോടതി വിധിയെന്ന് പറയുകയാണ് പ്രകാശ് ബാരെ. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രകാശ് ബാരെയുടെ പ്രതികരണം.

കോടതിയുടേത് സ്വാഗതാര്‍ഹമായ ഒരു വിധിയാണ്. കാരണം തുടരന്വേഷണവും അതിന്റെ ഭാഗമായി കണ്ടെത്തിയ തെളിവ് നശിപ്പിക്കല്‍ പോലുളള കണ്ടെത്തലുകളും ഈ കേസില്‍ പരിഗണിക്കില്ല എന്ന് പറഞ്ഞിരുന്നുവെങ്കില്‍ അത് വലിയൊരു തിരിച്ചടിയാകുമായിരുന്നു. അത് വലിയൊരു അന്യായമാകുമായിരുന്നു. അത് സംഭവിച്ചില്ല എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം.

അതില്‍ കോടതിയേയും തുടരന്വേഷണം നടത്തി തെളിവ് നശിപ്പിക്കല്‍ പോലുളള കാര്യങ്ങള്‍ വളരെ വ്യക്തമായി കോടതിയില്‍ കൊണ്ടുവരാന്‍ സാധിച്ച അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വലിയ നേട്ടമായി കാണുന്നു. ഇതൊരു താല്‍ക്കാലിക ആശ്വാസമാണ്. അന്തിമ വിധിയില്‍ ഈ തെളിവുകളെല്ലാം എങ്ങനെ പങ്ക് വഹിക്കും എന്നുളളതാണ് നമുക്ക് കാണേണ്ടത്.

അത്രയും പ്രധാനപ്പെട്ട തെളിവ് കോടതിയില്‍ വെച്ച് ആക്‌സസ് ചെയ്തിട്ടും അതിനെ കുറിച്ച് അന്വേഷിക്കാത്ത ഇതേ കോടതി തന്നെയാണ് ഇത് പോലുളള പോസിറ്റീവ് വിധിയുമായി വന്നിരിക്കുന്നത്. അത് തീര്‍ച്ചയായിട്ടും സ്വാഗതാര്‍ഹമാണ്. സത്യം പുറത്ത് പറയാന്‍ ധൈര്യം കാണിക്കുകയും അതിന്റെ കൂടെ നില്‍ക്കുകയും ചെയ്ത ബാലചന്ദ്ര കുമാര്‍, തെളിവുകള്‍ കൃത്യമായി കോടതിയില്‍ അവതരിപ്പിച്ച അജകുമാര്‍ സാറിനും കൂപ്പുകൈ.

ഈ വിധി തിരിച്ചാവുകയാണെങ്കില്‍ ഏറെക്കുറെ അവസാനിക്കാനിരുന്ന ഒരു കേസിനെ വേറൊരു വഴിത്തിരിവിലേക്ക് കൊണ്ടുവന്ന മുഴുവന്‍ ശ്രമങ്ങളും നിരാകരിക്കപ്പെടുമായിരുന്നു. ഈ വിധിയെ വലിയ ആശ്വാസമായി കാണുന്നു. നീതിപൂര്‍വ്വമായ ഒരു വിചാരണ നടക്കുകയും കുറ്റം ചെയ്ത ആള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുക എന്നതാണ് വേണ്ടത്. അതിനുളള ആദ്യ പടി എന്ന നിലയില്‍ ഈ വിധി ഗുണം ചെയ്യും.

പൂര്‍ണമായും നിരാകരിക്കാന്‍ പറ്റാത്ത തരത്തിലുളള തെളിവുകള്‍ മുന്നില്‍ വന്നാല്‍ നേരത്തെ പറഞ്ഞതോ വിചാരിച്ചതോ പോലെ അല്ലാത്ത രീതിയില്‍ കാര്യങ്ങള്‍ നീങ്ങും എന്നതാണ് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ പറ്റുന്നത്. ഇത് തിരിച്ചടിയാണോ അല്ലയോ എന്നൊക്കെ പറയുന്നുണ്ട്. ഒരാള്‍ ഒരു കേസ് കൊടുത്ത് കഴിഞ്ഞ് അതിന് എതിരെ വിധി വന്നാല്‍ കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും തിരിച്ചടി എന്ന് കൊടുത്താല്‍ അതില്‍ രോഷം കൊള്ളേണ്ടതില്ല.

അടികളും തിരിച്ചടികളും ഈ കേസിന്റെ യാത്രയില്‍ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും. അവസാനമായി നീതി പുലരുക എന്നതായിരിക്കണം എല്ലാവരുടേയും ആവശ്യം. ഒരാളെ കുറ്റവിമുക്തനാക്കുകയോ കുറ്റക്കാരനായി വിധി പ്രഖ്യാപിക്കുകയോ ചെയ്യുന്നതാകരുത് ചര്‍ച്ചയില്‍ വരുന്ന കാര്യങ്ങള്‍. ഈ സ്‌റ്റേജില്‍ കേസ് അട്ടിമറിക്കപ്പെട്ടിട്ടില്ല എന്നതാണ് സംഭവിച്ചിരിക്കുന്നത്. ഇത് ആഘോഷിക്കാനുളള സമയമല്ല, ആശ്വസിക്കാനുളള സമയം മാത്രമാണ്’ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 112 സാക്ഷി മൊഴികളും മുന്നൂറിലേറെ അനുബന്ധ തെളിവുകളുമാണ് തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമായി ്രൈകംബ്രാഞ്ച് കോടതിയില്‍ നല്‍കിയത്. നടിയെ ആക്രമിച്ച കേസ് വിചാരണ അവസാന ഘട്ടത്തില്‍ നില്‍ക്കവേ ആയിരുന്നു ദിലീപിന് എതിരെ വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രംഗപ്രവേശനം.

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയ്ക്ക് പിന്നില്‍ ദിലീപും കൂട്ടരുമാണെന്ന വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്ര കുമാര്‍ ചില ഓഡിയോ ക്ലിപ്പുകളും തെളിവായ പുറത്ത് വിടുകയുണ്ടായി. ദിലീപ് ദൃശ്യങ്ങള്‍ വീട്ടില്‍ വെച്ച് കണ്ടു എന്നുളള ആരോപണം വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. കാവ്യാ മാധവന് എതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നു. കാവ്യയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും പ്രതി ചേര്‍ത്തില്ല.

കേസില്‍ തിരിച്ചടിയുണ്ടാകും എന്ന ഭയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കെട്ടിയിറക്കിയതാണ് ബാലചന്ദ്ര കുമാറിനെ എന്നും ആരോപണങ്ങളെല്ലാം കളളക്കഥയാണ് എന്നുമാണ് പ്രതിഭാഗം ആരോപിച്ചത്. എന്നാല്‍ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചതോടെ ്രൈകംബ്രാഞ്ചിന് വലിയ ആശ്വാസമാവുകയാണ്. ഇതോടെ ഡിസംബറില്‍ തടസ്സപ്പെട്ട വിചാരണം അടുത്ത മാസം പത്താം തിയ്യതി പുനരാരംഭിക്കും.

Vijayasree Vijayasree :