രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലൂടെ താരമൂല്യം കുത്തനെ ഉയര്‍ന്ന നടനാണ് പ്രഭാസ്. നിരവധി ആരാധകരെയാണ് ഈ ഒരു ചിത്രത്തിലൂടെ പ്രഭാസിന് സ്വന്തമാക്കാനായത്. എന്നാല്‍ ബാഹുബലിയ്ക്ക് ശേഷം വലിയ ഹിറ്റുകളൊന്നും സമ്മാനിക്കാന്‍ പ്രഭാസിന് സാധിച്ചിരുന്നില്ല.
ബിഗ് ബജറ്റില്‍ ഒരുക്കിയ ‘സാഹോ’, ‘രാധേശ്യാം’ എന്നീ ചിത്രങ്ങള്‍ തിയേറ്ററില്‍ വലിയ രീതിയില്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ ആരാധകര്‍ പോലും പ്രഭാസ് സിനിമകളോട് മുഖം തിരിക്കുന്നു എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 23ന് ആണ് പ്രഭാസിന്റെ ജന്മദിനം.
ഇത് ആഘോഷമാക്കാനായി ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തിരഞ്ഞെടുത്ത തിയേറ്ററുകളിലായി താരത്തിന്റെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ റീ റിലീസ് ചെയ്യുകയാണ്. 2012ല്‍ റിലീസ് ചെയ്ത പ്രഭാസിന്റെ സൂപ്പര്‍ ഹിറ്റ് സിനിമ ‘റിബല്‍’ ആണ് കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി സിനിമയ്ക്ക് ആളുകള്‍ കയറുന്നില്ല. ആരാധകരും പ്രഭാസ് സിനിമകളോട് മുഖം തിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്ത്‌കൊണ്ടാണ് പ്രഭാസ് സിനിമകളുടെ റി റിലീസ് ശ്രദ്ധിക്കപ്പെടാത്തതെന്ന ചോദ്യവും ഉയരുന്നുണ്ട്. പ്രഭാസിന്റെ താരമൂല്യം നാള്‍ക്കു നാള്‍ ഇടിയുകയാണെന്നാണ് ഒരു വിഭാഗം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ചുള്ള വലിയ ചര്‍ച്ചകളാണ് അരങ്ങേറുന്നത്. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പ്രഭാസിന്റേതായി ഇനി വരാനിരിക്കുന്ന ‘ആദിപുരുഷ്’ ആയാലും പ്രഭാസിന്റെ താരമൂല്യം വീണ്ടും ഇടിയാനുള്ള കാരണമാകും എന്നാണ് പറയപ്പെടുന്നത്. രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന ആദിപുരുഷില്‍ രാമാനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ എത്തിയപ്പോള്‍ മുതല്‍ ട്രോളുകളുടെ കൂമ്പാരമാണ്. ചിത്രത്തിന്റെ വിഎഫ്കിനെ ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങളും വിവാദങ്ങളും ഉയരുന്നുണ്ട്.