മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഒരു പ്രേത സിനിമ, പേടിക്കരുത് !!! …ധൈര്യമായി കാണാം …!!!

ലോക സിനിമ ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനം കയ്യടക്കി എത്തിയിരിക്കുകയാണ് പ്രാണ . ഇന്നുവരെ കണ്ടതുമല്ല , കണ്ടു കഴിഞ്ഞാൽ അങ്ങനെയങ്ങു മനസ്സിൽ നിന്നിറങ്ങി പോകുന്നതുമല്ല ഈ വിസ്മയം .

മലയാള സിനിമക്ക് തീർച്ചയായും ഒരു മുതൽക്കൂട്ട് തന്നെയാണ് പ്രാണ . കാരണം ഒരേയൊരു അഭിനേതാവിനെ വച്ച് ഇത്രയും മികച്ചൊരു ചിത്രം എങ്ങനെ സംഭവിച്ചു എന്നത് സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റെയും സംശയമാണ്. അത് വി കെ പി എന്ന ഇന്ദ്രജാലക്കാരന് മാത്രം സാധിക്കുന്ന ഒരത്ഭുതം തന്നെയാണെന്ന് നിസംശയം പറയാം.

കണ്ടു പഴകിയ പ്രേത സിനിമാകളെ മനസ്സിലിട്ട് തിയേറ്ററിൽ എത്തുന്നവർ പ്രതീക്ഷിച്ചതൊന്നുമല്ല പ്രാണ . ഇതൊരു പ്രേത സിനിമയല്ല . എന്നാൽ പ്രേതമുണ്ട് താനും. ഭയത്തിനു കനമേറുന്നത് റസൂൽ പൂക്കുട്ടിയുടെ അതിഗംഭീരം ശബ്ദ മിശ്രണമാണ് .

ഒരു ജനൽ തുറക്കുമ്പോൾ , ഒരു ഫോട്ടോ ഫ്രെയിം മേശമേൽ വെക്കുമ്പോൾ , ഫാൻ കറങ്ങുമ്പോൾ , നടക്കുമ്പോൾ എല്ലാം ഇത്രയധികം സൂക്ഷമായ ശബ്ദങ്ങൾ പുറപ്പെടുന്നുണ്ടെന്നു ചിലപ്പോൾ പ്രാണ ആയിരിക്കാം പലർക്കും പറഞ്ഞു കൊടുത്തത്.

നിത്യ മേനോനെ മാത്രം കഥാപാത്രമാക്കി ഈ ചിത്രം എങ്ങനെ ചെയ്തു എന്ന ചോദ്യത്തിന് മറ്റൊരു വശമുണ്ട്. കാരണം അത്രയധികം സൂക്ഷമവും ഗംഭീരവുമായി ശബ്ദത്തെ ഉപയോഗിക്കാൻ ,അതിനെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഏകാഭിനേതാവ് എന്ന ബുദ്ധിപരമായ തീരുമാനം സഹായിച്ചു.

ഇതൊരു വലിയ പരീക്ഷണ ചിത്രം തന്നെയാണ് . നാല് ഭാഷകളിൽ എത്തുന്നുവെങ്കിലും മലയാളികൾക്ക് ഇത് വലിയൊരു പുതുമയാണ്. സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ അനുഭൂതി തന്നെ വേറെ ലെവൽ ആയിരിക്കും. കാരണം ഇത്രയധികം ലോകോത്തര കലാകാരന്മാർ ഒന്നിക്കുന്ന ചിത്രം ഒരു വിസ്മയമായില്ലെങ്കിലേ അത്ഭുതമുള്ളു.

ഏകാന്തത നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ ശബ്ദത്തിനു എത്ര മാത്രം സംവദിക്കാൻ കഴിയും എന്ന് ചിന്തിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. അതിഭീകരവും ഭയാനകവുമായിരിക്കും ആ അവസ്ഥ. ആ ഒരു അവസ്ഥയെ ശബ്ദത്തിന്റെ യഥാർത്ഥ സംയോജനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് പ്രാണ എന്ന ചിത്രം. ലോക സിനിമയിൽ തന്നെ സിങ് സറൗണ്ടഡ് സൗണ്ട് എന്ന ടെക്നോളജി ഉപയോഗിച്ച് എത്തുന്ന ആദ്യ സിനിമയാണ് പ്രാണ .

അണിയറയിൽ അണിനിരന്നത് റസൂൽ പൂക്കുട്ടിയും പി സി ശ്രീറാമും , ലൂയിസ് ബാങ്ക്‌സുമൊക്കെയാണ്. ‘മിലെ സുർ മേരാ തുമരാ ” എന്ന ദേശ സ്നേഹ ഗാനത്തിന്റെ ശില്പി  ലൂയിസ് ബാങ്ക്സ് പ്രാണയിലൂടെ ഇന്ത്യൻ സിനിമയിലേക്ക് ഒരിടവേളയ്ക്കുശേഷം തിരിച്ചെത്തിയിരിക്കുകയാണ്.

അതുപോലെ തന്നെ 33 വര്ഷങ്ങള്ക്കു ശേഷംപി സി ശ്രീറാം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത് പ്രാണയിലൂടെയാണ് . ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകനാണ് പി സി ശ്രീറാം. 

എന്തായാലും ലോകസിനിമയിൽ മലയാളികൾക്ക് അഭിമാനിക്കാനുള്ള നിമിഷങ്ങൾ പ്രാണ സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഒരു കൊച്ചു സിനിമ , ഏകാന്തതയിലൂടെ സംവദിച്ച് പ്രേക്ഷകരിലൂടെ ലോകത്തിന്റെ നിറുകയിലേക്ക് ഇന്ന് മുതൽ നടന്നു കയറുകയാണ്.

praana movie review

Sruthi S :