മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ സംഗീത സംവിധായകൻ എആർ റഹ്മാനും സിനിമയുടെ സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്‌റ്റേ.
ജസ്റ്റിസുമാരായ സി ഹരി ശങ്കർ, അജയ് ദിഗ്‌പോൾ എന്നിവരടങ്ങിയ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്തത്. എല്ലാ ഒടിടി, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഗാനത്തോടൊപ്പമുള്ള നിലവിലുള്ള ക്രെഡിറ്റ് സ്ലൈഡ് മാറ്റാനും കോടതി നിർദ്ദേശവും സ്‌റ്റേ ചെയ്തിട്ടുണ്ട്.
സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് റഹ്മാൻ മെയ് 23ന് അപ്പീൽ നൽകിയിരുന്നു. ക്ലാസിക്കൽ ഗായകനും പത്മശ്രീ അവാർഡ് ജേതാവുമായ ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗറാണ് പരാതി നൽകിയത്. 1989 ലും 1994 ലും പിതാവിന്റെയും അമ്മാവന്റെയും മരണശേഷം, നിയമപരമായ അവകാശികൾക്കിടയിൽ ഉണ്ടായ കുടുംബ ഒത്തുതീർപ്പിലൂടെ പകർപ്പവകാശം തനിക്ക് കൈമാറിയതായി അദ്ദേഹം അവകാശപ്പെട്ടു.
തന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് എആർ റഹ്മാൻ ഈ ഗാനം ചിത്രത്തിൽ ഉപയോഗിച്ചത് എന്നാണ് ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗർ പറയുന്നത്. ‘വീര രാജ വീര’ ഗാനം പ്രശസ്ത ധ്രുപത് സംഗീതജ്ഞരായ നാസിർ ഫയാസുദ്ദീൻ ദാഗറും സഹോദരൻ സഹൈറുദ്ദീൻ ദാഗറും ചിട്ടപ്പെടുത്തിയ ‘ശിവ സ്തുതി’ ഗാനത്തിന്റെ പകർപ്പ് ആണെന്നായിരുന്നു നിരീക്ഷണം.