ആഡംബര വാഹനങ്ങളിൽ യാത്ര; കോടതിയിൽ എത്തിയത് 7000 രൂപയുടെ ചെരിപ്പും 4000 രൂപയുടെ ഷർട്ടും ധരിച്ച്; പൾസർ സുനിയുടെ സാമ്പത്തിക സ്രോതസ് കണ്ടെത്താൻ പൊലീസ്!!

ഏഴര വർഷങ്ങൾക്ക് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങിയ പൾസർ സുനി ആഡംബര വാഹനങ്ങളിൽ യാത്ര ചെയ്യുന്നതും വിലകൂടിയ ഉത്പ‌ന്നങ്ങൾ ഉപയോഗിക്കുന്നതും ശ്രദ്ധയിൽ പെട്ടതോടെ  നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെന്ന സുനിൽ കുമാറിന്റെ സാമ്പത്തിക സ്രോതസ് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജാമ്യത്തിൽ ഇറങ്ങുന്നതിന് മുൻപ് കോടതിയിൽ ഹാജരാകാനെത്തിയ സുനി 7000 രൂപയുടെ ചെരിപ്പും 4000 രൂപയുടെ ഷർട്ടുമാണ് ധരിച്ചിരുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. കേസിന്റെ വിചാരണ അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ സുനിയെ ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടോ, കോടതി നേരിട്ട് ചോദ്യം ചോദിക്കുമ്പോൾ സുനി ആർക്കെങ്കിലും അനുകൂലമായി മറുപടി പറയുമോ എന്ന കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

വിചാരണക്കോടതിയിൽ സുനിയുടെ ചോദ്യം ചെയ്യൽ ഇന്നലെയും തുടർന്നിരുന്നു.സെപ്തംബർ അവസാന വാരത്തിലാണ് കേസിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് സുനി പുറത്തിറങ്ങിയത്. കർശനവ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എറണാകുളം ജില്ല വിട്ട് പോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്, മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിം മാത്രമേ ഉപയോഗിക്കാവൂ, പ്രതികളെയോ സാക്ഷികളേയോ ബന്ധപ്പെടരുത് എന്നീ ഉപാധികളാണ് കോടതി മുന്നോട്ടു വച്ചത്. 

സുനിയുടെ സുരക്ഷ റൂറൽ പൊലീസ് ഉറപ്പാക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു.നടിയെ ആക്രമിച്ച കേസിൽ 10 പ്രതികളാണുള്ളത്. എട്ടു വരെ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം ഉൾപ്പെടെയാണ് ചുമത്തിയിരിക്കുന്നത്. മറ്റുള്ളവർക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. 261 സാക്ഷികളുണ്ട്. 1600 രേഖകൾ കേസിൽ കൈമാറി.

വിചാരണ അന്തിമഘട്ടത്തിൽ എത്തി നിൽക്കെ, സുനിൽകുമാറിനെ ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിക്കുമോ, കോടതി നേരിട്ടു ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ ആർക്കെങ്കിലും അനുകൂലമായി മറുപടി പറയാൻ സുനിൽകുമാർ ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പരിശോധിക്കുന്നത്. വിചാരണക്കോടതിയിൽ സുനിൽകുമാറിന്റെ ചോദ്യം ചെയ്യൽ ഇന്നലെയും തുടർന്നിരുന്നു.

കേസിൽ നടൻ ദിലീപിൻ്റെ പങ്ക് വ്യക്തമായതു മുതൽ പ്രസ്തുത കേസിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി പറഞ്ഞു കേൾക്കുന്ന പേരാണ് മാഡം. ഈ കേസിലെ മാഡം ആരാണെന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ലോകത്തിനു വ്യക്തമായിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസിനോട് അനുബന്ധിച്ച് പലതവണ ഈ പേര് ഉയർന്നുവന്നു.

ദിലീപുമായി ബന്ധപ്പെട്ട പല സ്ത്രീകളും മാഡം ആണെന്ന തരത്തിൽ സംശയിക്കപ്പെടുകയും ചെയ്തിരുന്നു. മുമ്പ് മാഡം സിനിമാ മേഖലയിൽ നിന്നുള്ളയാളാണെന്ന് പ്രതി പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാൽ അന്വേഷണം തുടരവേ കേസിൽ മാഡത്തിന് വലിയ പങ്കില്ലെന്നായിരുന്നു സുനി പിന്നീട് പറഞ്ഞത്.

എന്നാൽ മാഡത്തിന്റെ പേര് ആദ്യം മാധ്യമങ്ങളോട് പറഞ്ഞത് അഡ്വ. ഫെനി ബാലകൃഷ്ണനാണ്. കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിച്ച സുനിയുടെ കൂട്ടുപ്രതികളില്‍ നിന്നാണ് മാഡത്തിന്റെ പേര് ഫെനിക്ക് കിട്ടിയത്. ആക്രമിക്കാന്‍ വേണ്ടി കാറില്‍ കയറിയപ്പോള്‍ സുനി നടിയോട് മാഡത്തെ കുറിച്ചുപറഞ്ഞിരുന്നുവെന്ന് സംഭവം നടന്നപ്പോള്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാഡത്തിന്റെ ക്വട്ടേഷന്‍ എന്നായിരുന്നു പറഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം പോലീസ് അന്ന് കാര്യമാക്കിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നതാണ്.

അതിനുശേഷം നടിയെ ആക്രമിച്ച കേസ് വീണ്ടും പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവന്ന സംവിധായകൻ ബാലചന്ദ്രകുമാറും മാഡത്തെ സംബന്ധിച്ചുള്ള ഗുരുതരമായ ആരോപണങ്ങളായിരുന്നു ഉയർത്തിയിരുന്നത്. സുഹൃത്തുക്കളോടൊപ്പം ഇരിക്കുന്ന വേളയിൽ നടൻ ദിലീപ് മാഡത്തെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തിയെന്നും  സംസാരിക്കുന്നതിനിടയിൽ സ്വന്തം വീട്ടിലേക്ക് തന്നെ ചൂണ്ടി ദിലീപ് മാഡത്തെക്കുറിച്ച് ചില തുറന്നു പറച്ചിലുകൾ നടത്തിയെന്നായിരുന്നു ബാലചന്ദ്ര കുമാർ പറയുന്നത്. `

ഞാനല്ല, ഒരു പെണ്ണാണ് ഇത് അനുഭവിക്കേണ്ടത്. അവരെ രക്ഷിച്ചുരക്ഷിച്ചു കൊണ്ടുപോയിട്ട് ഒടുവിൽ ഞാൻ ശിക്ഷിക്കപ്പെട്ടു´ എന്ന് ദിലീപ് മദ്യലഹരിയിൽ പറഞ്ഞുവെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ ഉണ്ടായിരുന്നത്.  ഇതിൽ നിന്നും ദിലീപിൻ്റെ ഏറ്റവുമടുത്ത ഒരാൾ തന്നെയായിരിക്കണം മാഡം എന്നുതന്നെയാണ് അന്വേഷണം ആദ്യം പോയത് . ദിലീപ് തൻ്റെ സുഹൃത്ത് ബൈജുവിനോടാണ് മാഡത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്.

ഈ സംഭാഷണം ബാലചന്ദ്രകുമാർ റെക്കോഡ്‌ ചെയ്യുകയായിരുന്നു. എന്നാൽ ആ മാഡത്തെ കുറിച്ചുള്ള എല്ലാ ചർച്ചകളും പിന്നീട് അവസാനിക്കുന്ന കാഴ്ചയായിരുന്നു . നടിയെ ആക്രമിച്ച ദൃശ്യങ്ങളിലും ഒരു സ്ത്രീ ശബ്ദം വ്യക്തമായിരുന്നു. നടിയെ കാറിൽ വച്ച് പീഡിപ്പിച്ചശേഷം ശേഷം പള്‍സര്‍ സുനി കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ എത്തിയതിന് രണ്ടു പേര്‍ സാക്ഷികളായിരുന്നു. എന്നാൽ ഇവർ കോടതിയിൽ മൊഴി മാറ്റി പറയുകയായിരുന്നു. പ്രതി ഭാഗത്തിൻ്റെ ഇടപെടലിലൂടെയാണ് ഇവർ മൊഴി മാറ്റിയതെന്നാണ് ആരോപണം ഉയർന്നത്.

Athira A :