കഴിഞ്ഞ ദിവസമായിരുന്നു റിലയൻസ് ഉടമയും ശതകോടീശ്വരനും വ്യവസായിയുമായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം. ഇന്ത്യ കണ്ടതിൽ ഏറ്റവും വലിയ ചടങ്ങുകളും ആഘോഷവുമായിരുന്നു നടന്നത്. എന്നാൽ ഇപ്പോഴിതാ വിവാഹച്ചടങ്ങിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്.
ക്ഷണമില്ലാതെ താരവിവാഹ ചടങ്ങിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പേരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാൾ യൂട്യൂബറായ വെങ്കിടേഷ് നരസയ്യ (26), മറ്റൊരാൾ വ്യവസായിയെന്ന് സ്വയം വിശേഷിപ്പിച്ച ലുകം മുഹമ്മദ് ഷാഫി ഷെയ്ഖ് (28) എന്നിവരാണെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും ആന്ധ്രാപ്രദേശിൽ നിന്ന് മുംബൈയിലേക്ക് വന്നത് വിവാഹ ചടങ്ങ് കാണുന്നതിന് വേണ്ടിയാണ്. ഇരുവർക്കുമെതിരെ പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവാഹ ചടങ്ങ് നടന്ന ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് വെങ്കിടേഷും മുഹമ്മദ് ഷാഫി ഷെയ്ഖും എത്തിയിരുന്നത്.
ഇവരെ കണ്ട് സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പൊലീസിന് കൈമാറുകയായിരുന്നു. പിന്നാലെ ബികെസി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചാണ് രണ്ട് പേർക്കുമെതിരെ അതിക്രമത്തിന് കേസെടുത്തത് എന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് കേസുകളിലും നോട്ടീസ് നൽകുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തതിന് ശേഷമാണ് പൊലീസ് ഇരുവരെയും വിട്ടയച്ചത്.
പരമ്പരാഗത ഹിന്ദു വിവാഹ ചടങ്ങുകൾ പ്രകാരമായിരുന്നു വിവാഹം. വെള്ളിയാഴ്ച ആരംഭിച്ച് ശനിയാഴ്ച പുലർച്ചെ വരെ വിവാഹ ചടങ്ങുകൾ നീണ്ടു.
മാസങ്ങൾക്ക് മുൻപ് തന്നെ വിവാഹത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. സക്കർബർഗും ബിൽ ഗേറ്റ്സും ഉൾപ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തിരുന്നത്.
മാത്രമല്ല, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, അലി ഭട്ട്, ദീപിക പദുക്കോൺ, രൺബീർ കപൂർ, രൺവീർ സിംഗ് തുടങ്ങിയവരും ചടങ്ങിനെത്തി. അതിഥികളുടെ വരവ് നിയന്ത്രിക്കാൻ മുംബൈയിലെ മഴക്കെടുതിക്കിടയിലും പൊലീസ് വേദിക്ക് ചുറ്റും ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു.