തിയേറ്ററുകളെ ഇളക്കി മറിക്കാന്‍ പോക്കിരി വീണ്ടും; റിലീസ് തീയതി പുറത്ത്

ഇളയദളപതി വിജയ്, അസിന്‍, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുദേവ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘പോക്കിരി’ ജൂണ്‍ 21ന് വര്‍ണ്ണച്ചിത്ര റിലീസ് വീണ്ടും പ്രദര്‍ശനത്തിനെത്തിക്കുന്നു. കനകരത്‌ന മൂവീസിന്റെ ബാനറില്‍ എസ്. സത്യരാമമൂര്‍ത്തി നിര്‍മ്മിച്ച് 2007ല്‍ റിലീസായ ‘പോക്കിരി’ ഇപ്പോള്‍ ആധുനിക സാങ്കേതിക ഡിജിറ്റല്‍ മികവോടെ 4k ഡോള്‍ബി അറ്റ്‌മോസിലാണ് അവതരിപ്പിക്കുന്നത്.

പുരി ജഗന്നാഥ് കഥയും തിരക്കഥയുമെഴുതിയ ചിത്രത്തിന്റെ സംഭാഷണം വി. പ്രഭാകറിന്റേതാണ്. ഛായാഗ്രഹണം നീരവ് ഷാ, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, സംഗീതം മണി ശര്‍മ്മ, സ്റ്റില്‍സ് ചിത്രാസ്, ഡിസൈന്‍ ഗോപന്‍, പി.ആര്‍.ഒ.എ.എസ്. ദിനേശ്.

വിജയ്‌യുടെ പിറന്നാളിനോടനുബന്ധിച്ച് ആഗോള തലത്തിലാണ് ചിത്രത്തിന്റെ റിലീസ്. വിജയ്‌യുടെ പിറന്നാള്‍ ദിനത്തിന് തലേദിവസം, ജൂണ്‍ 21 ന് ചിത്രം തിയേറ്ററുകളിലെത്തും. ഇതേ പേരില്‍ 2006 ല്‍ തിയറ്ററുകളിലെത്തിയ മഹേഷ് ബാബു നായകനായ ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു വിജയ്‌യുടെ പോക്കിരി.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ എസ് സത്യമൂര്‍ത്തി എന്ന പൊലീസ് ഓഫീസറായി എത്തിയ ചിത്രം 2007 ജനുവരി 12 നാണ് എത്തിയത്. വന്‍ ജനപ്രീതി നേടിയ ചിത്രം തമിഴ്‌നാട്ടില്‍ നിരവധി തിയറ്ററുകളില്‍ 200 ദിവസങ്ങളിലധികം പ്രദര്‍ശിപ്പിച്ചു.

കേരളമടക്കമുള്ള ഇടങ്ങളിലും മികച്ച വിജയമാണ് ചിത്രം നേടിയത്. വിജയ്‌യുടെ പിറന്നാളിനോടനുബന്ധിച്ച് നിരവധി തവണ ചിത്രം കേരളത്തില്‍ റീ റിലീസ് ചെയ്യപ്പെട്ടിട്ടുമുണ്ട്. തമിഴ് സിനിമയില്‍ 75 കോടി കളക്റ്റ് ചെയ്ത ആദ്യ ചിത്രവുമാണ് പോക്കിരി. റീ റിലീസില്‍ ഗില്ലി പോലെ പണം വാരുമോ ചിത്രം എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കോളിവുഡ്.

Vijayasree Vijayasree :