ബാന്ദ്രയ്‌ക്കെതിരെ നെഗറ്റീവ് റിവ്യു; അശ്വന്ത് കോക്ക് ഉള്‍പ്പെടെ ഏഴ് യൂട്യൂബര്‍മാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഹര്‍ജി

രാമലീല എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപ്- അരുണ്‍ ഗോപി കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ പുത്തന്‍ ചിത്രമായിരുന്നു ബാന്ദ്ര. നവംബര്‍ പത്തിന് പുറത്തെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ബാന്ദ്ര സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തിയ യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്.

അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്‌സ്, ഷാസ് മുഹമ്മദ്, അര്‍ജുന്‍, ഷിജാസ് ടോക്ക്‌സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബര്‍മാര്‍ക്കെതിരെയാണ് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. സിനിമ ഇറങ്ങി മൂന്നു ദിവസത്തിനുള്ളില്‍ നഷ്ടമുണ്ടാകുന്ന രീതിയില്‍ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം. കേസെടുക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് നിര്‍മ്മാണ കമ്പനി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ചിത്രത്തിനെതിരെ വരുന്ന നെഗറ്റീവ് റിവ്യുവിനെ കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപിയും രംഗത്തെത്തിയിരുന്നു. പ്രേക്ഷകരുടെ അഭിരുചികള്‍ പല തരത്തിലാണ്. അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് എല്ലാവരും സിനിമ കാണുന്നതും. അതുകൊണ്ട് തന്നെ സ്വാഭാവികമായും അഭിപ്രായ വ്യത്യസങ്ങളുമുണ്ടാകും. സിനിമ ഇഷ്ടപ്പെടുന്നവര്‍ ഒരുപാടുണ്ട്. അത് ഞങ്ങളിലേക്ക് എത്തുന്നു.

ഇഷ്ടപെടാത്തവര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാം. അത് അവരുടെ സ്വാതന്ത്രവും അവകാശവുമാണ്. എന്നാല്‍ അഭിപ്രായങ്ങള്‍ എന്ന തരത്തില്‍ പലതരം കോപ്രായങ്ങള്‍ കാണിക്കുന്ന ആളുകളെയാണ് നാം കാണുന്നത്. എന്തോ വലിയ ആളുകള്‍ എന്ന തരത്തിലാണ് അവര്‍ ഇതൊക്കെ ചെയ്യുന്നതും പറയുന്നതും. അത് കാണുമ്പോഴാണ് മറ്റുള്ളവരും മനുഷ്യരാെണന്ന് തോന്നല്‍ അവര്‍ക്കില്ല എന്ന് തോന്നുന്നത്.

റിവ്യൂ എന്ന പേരില്‍ കാണിക്കുന്ന ഈ പ്രഹസനങ്ങള്‍ വളരെ മോശമാണെന്നും അഭിമുഖത്തില്‍ അരുണ്‍ ഗോപി വിമര്‍ശിക്കുന്നു. ഇതൊക്കെ ഓരോരുത്തരുടേയും സംസ്‌കാരമാണ്. അഭിപ്രായ പ്രകടനം നടത്തുന്നത് പോലെയല്ല, ഈ പ്രഹസനങ്ങള്‍. പലതും അടിമുടി സര്‍ക്കാസമാണ്. റിവ്യൂ എന്ന പേരില്‍ പലരും ആളുകളെ പുച്ഛിക്കുകയാണ്.

ഓരോരുത്തരും അവരവരുടെ ചിന്തകള്‍ക്കനുസരിച്ചും നിലവാരത്തിനനുസരിച്ചുമാണ് പ്രതികരിക്കുന്നത്. ഇതിലൊന്നും ആരോടും പരാതിയോ പറഞ്ഞിട്ടും കാര്യമില്ല. ഇവിടെ ഇങ്ങനെയൊക്കെയാണെന്നാണ് തനിക്ക് ഇപ്പോള്‍ തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പലരുടേയും ജീവിതമാര്‍ഗ്ഗമായി റിവ്യൂ പറയുന്നത് ഇന്ന് മാറിയിട്ടുണ്ട്.

Vijayasree Vijayasree :