തീയില്‍ കുരുത്തൊരു കുതിരയേ, കൊടുക്കാറ്റില്‍ പറക്കും കഴുകനേ, ഇടതുപക്ഷ പക്ഷികളില്‍ ഫീനിക്‌സ് പക്ഷി പിണറായി ഡാ..; മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് വീഡിയോ ഗാനം; ഇനി ട്രോളിയതാണോ എന്ന് സോഷ്യല്‍ മീഡിയ

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കൊണ്ടുള്ള വീഡിയോ ഗാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കേരള സിഎം എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് കമന്റ് ബോക്‌സുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. യൂട്യൂബിലൂടെയാണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. നിഷാന്ത് നിള എഴുതി സംഗീതം നല്‍കിയ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും ഒരുക്കിയിരിക്കുന്നത് അദ്ദേഹമാണ്.

ടിഎസ് സതീഷ് ആണ് നിര്‍മാണം. സച്ചിന്‍ രാജ് ആണ് പാട്ട് പാടിയിരിക്കുന്നത്. റിഷി രാജു ആണ് ഛായാഗ്രഹണം. സാജ് പ്രൊഡക്ഷന്‍ ഹൗസ് എന്ന യൂട്യൂബ് പേജിലൂടെയാണ് ഗാനം പുറത്തു വിട്ടിരിക്കുന്നത്. എട്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള പാട്ടില്‍ പിണറായിയുടെ ചെറുപ്പകാലം മുതല്‍ കൗമാരകാലം വരെയും ആവിഷ്‌കരിക്കുന്നുണ്ട്.

”പിണറായി വിജയന്‍…നാടിന്റെ അജയ്യന്‍, നാട്ടാര്‍ക്കെല്ലാം സുപരിചിതന്‍, തീയില്‍ കുരുത്തൊരു കുതിരയേ, കൊടുക്കാറ്റില്‍ പറക്കും കഴുകനേ, മുറ്റത്ത് നട്ടമരം വേപ്പ് മരമായി മാറിയടാ, ഇടതുപക്ഷ പക്ഷികളില്‍ ഫീനിക്‌സ് പക്ഷി പിണറായി ഡാ.., സ്വജനപക്ഷവാദികളില്‍ വാദ്യരെന്നും മാസ്റ്ററഡാ…എന്നിങ്ങനെയാണ് പിണറായിയെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള പാട്ടിലെ വരികള്‍. ഇടതുപക്ഷ പക്ഷികളിലെ ഫീനിക്‌സ് പക്ഷിയാണ് പിണറായി എന്നാണ് പാട്ടിലെ മറ്റൊരു വിശേഷണം.

അതേസമയം സ്വര്‍ണക്കടത്ത് കേസ് വിവാദം ഉള്‍പ്പടെയുള്ളവ ആസൂത്രിതമാണ് എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളും വീഡിയോയുടെ തുടക്കത്തില്‍ കാണിക്കുന്നുണ്ട്. ഈ മന്ത്രിസഭയെ പെട്ടെന്ന് താഴെയിറക്കാന്‍ സാധിക്കില്ല എന്നും പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത് വേറൊരു പദ്ധതിയാണ് എന്നും ഇതിലെ കഥാപാത്രം പറയുന്നുണ്ട്.

അഞ്ച് വര്‍ഷം കൂടി ഭരിക്കാന്‍ അനുവദിച്ച് കമ്മ്യൂണിസ്റ്റുപാര്‍ട്ടിയെ തന്നെ മുഴുവനായി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ഈ കഥാപാത്രം പറയുന്നു. സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ വെള്ളപ്പൊക്കവും കൊവിഡും ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ പിണറായിയുടെ മുന്നേറ്റത്തിന് തുണച്ചു എന്നും വീഡിയോ പറയുന്നു.

അതേസമയം കമന്റ് ബോക്‌സില്‍ മിക്കതും പരിഹാസങ്ങളും ട്രോളുകളും ആണ് നിറയുന്നത്. ആ പ്രത്യേക ആക്ഷനും വാളുകളുടെ ഇടയിലൂടെ നടക്കുന്നതും കളിത്തോക്കിന്റെ മുന്നില്‍ നെഞ്ചുവിരിച്ച് നില്‍ക്കുന്ന സീനും കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ സൂപ്പറായേനേ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ആ ഇരുമ്പ് കസേര കൂടി ഉള്‍പ്പെടുത്താമായിരുന്നു എന്നാണ് വേറൊരാളുടെ കമന്റ്. ഇനിയും ഇത് പോലുള്ള കലാസൃഷ്ടികള്‍ നിര്‍മ്മിച്ച് പാര്‍ട്ടിയെ സഹായിക്കരുതേ എന്നൊരു അഭ്യര്‍ത്ഥനയുണ്ട് എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

Vijayasree Vijayasree :